മോദി-നഹ്യാൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക തീരുമാനമെടുത്ത് യുഎഇ, പാകിസ്ഥാന് വമ്പൻ പ്രഹരം; ഇസ്ലാമാബാദ് വിമാനത്താവള കരാർ റദ്ദാക്കി

ഇസ്ലാമാബാദ് വിമാനത്താവള നടത്തിപ്പ് കരാറിൽ നിന്ന് യുഎഇ പിന്മാറിയത് പാകിസ്ഥാന് വൻ തിരിച്ചടിയായി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ 15 വർഷത്തേക്ക് ഏറ്റെടുക്കാൻ 2025 ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. എന്നാൽ നിക്ഷേപത്തിന് അനുയോജ്യമായ പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതും പദ്ധതിയിലുള്ള താൽപര്യം കുറഞ്ഞതും ചൂണ്ടിക്കാട്ടിയാണ് അബുദാബി ഇപ്പോൾ പിന്മാറിയത്.

യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനിടയിലാണ് ഈ വികസനം. ഇന്ത്യയുമായി പ്രതിരോധം, ഊർജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിൽ യുഎഇ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുമ്പോൾ പാകിസ്ഥാനുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതായാണ് വിലയിരുത്തൽ. സൗദി അറേബ്യയുമായി പാകിസ്ഥാൻ പ്രതിരോധ കരാറുകളിൽ ഏർപ്പെടുന്നതും യുഎഇ-സൗദി തർക്കങ്ങളും ഈ പിന്മാറ്റത്തിന് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഈ കരാർ തകർന്നത് വലിയ പ്രഹരമാണ്. വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾക്ക് ഇത് മങ്ങലേൽപ്പിച്ചു. ഇസ്ലാമാബാദ് വിമാനത്താവളത്തെ ഇപ്പോൾ സ്വകാര്യവൽക്കരണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. അതേസമയം, ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ 900 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനുള്ള യുഎഇയുടെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിച്ചു.

Also Read

More Stories from this section

family-dental
witywide