ഉദയനിധി സ്റ്റാലിൻ്റെ സനാതന ധർമ്മ പരാമർശം ‘വിദ്വേഷ പ്രസംഗത്തിന് തുല്യം’- മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. 

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ജസ്റ്റിസ് എസ്. ശ്രീമതിയുടെ നേതൃത്വത്തിലുള്ള മധുര ബെഞ്ച് വ്യക്തമാക്കി. സനാതന ധർമ്മം പിന്തുടരുന്നവരെ ഇല്ലാതാക്കണമെന്ന ആഹ്വാനം വംശഹത്യയ്ക്ക് സമാനമായ ഒന്നായി വ്യാഖ്യാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

അമിത് മാളവ്യയ്‌ക്കെതിരായ കേസ് റദ്ദാക്കി

ഉദയനിധിയുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ തമിഴ്‌നാട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ (FIR) കോടതി റദ്ദാക്കി. ഒരാൾ വിദ്വേഷ പ്രസംഗം നടത്തുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നതോ വിമർശിക്കുന്നതോ കുറ്റകരമല്ലെന്നും അമിത് മാളവ്യയുടെ പോസ്റ്റ് സനാതന ധർമ്മം പിന്തുടരുന്ന ഒരു വ്യക്തിയുടെ പ്രതികരണം മാത്രമാണെന്നും കോടതി വ്യക്തമാക്കി. യഥാർത്ഥ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ നടപടിയെടുക്കാതെ അതിനെതിരെ പ്രതികരിച്ചവർക്കെതിരെ കേസെടുക്കുന്ന പൊലീസിൻ്റെ നിലപാടിനെയും കോടതി രൂക്ഷമായി വിമർശിച്ചു. തിരുച്ചിറപ്പള്ളി പോലീസ് 2023-ൽ രജിസ്റ്റർ ചെയ്ത കേസാണിത്. ഉദയനിധിയുടെ പ്രസംഗത്തെ വളച്ചൊടിച്ച് ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നായിരുന്നു അമിത് മാളവ്യക്കെതിരെയുള്ള പരാതി.

ഉദയനിധിയുടെ വിവാദ പ്രസംഗം

2023 സെപ്റ്റംബർ 2-ന് ചെന്നൈയിൽ നടന്ന ‘സനാതന നിർമ്മാർജ്ജന സമ്മേളനത്തിൽ’ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. സനാതന ധർമ്മം കേവലം എതിർക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് പൂർണ്ണമായും ഇല്ലാതാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനി, മലേറിയ, കൊതുക്, കൊറോണ എന്നിവയെ നമുക്ക് കേവലം എതിർക്കാൻ കഴിയില്ല, അവയെ നശിപ്പിക്കുകയാണ് വേണ്ടത്. അതുപോലെ സനാതന ധർമ്മത്തെയും ഇല്ലാതാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. മാത്രമല്ല, സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അത് മനുഷ്യരെ ജാതിയുടെയും മതത്തിൻ്റെയും പേരിൽ വിഭജിക്കുന്നുവെന്നും അദ്ദേഹം വാദിച്ചു. ‘സനാതനം’ എന്നാൽ മാറ്റമില്ലാത്തത് (Permanence) എന്നാണെന്നും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെയും ചോദ്യം ചെയ്യലുകളെയും അത് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. 

ഈ പ്രസംഗം ഒരു വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമാവുകയും, ഇത് സനാതന ധർമ്മം പിന്തുടരുന്നവർക്കെതിരെയുള്ള വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്ന് ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിക്കുകയും ചെയ്തു.

Udayanidhi Stalin’s Sanatana Dharma remark ‘tantamount to hate speech’ – Madras High Court

More Stories from this section

family-dental
witywide