
ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാൻ്റെ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. പത്രികയിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് എൽഡിഎഫ് ഉന്നയിച്ച ആക്ഷേപങ്ങൾ തള്ളിക്കൊണ്ടാണ് വരണാധികാരിയുടെ നടപടി.
റെജി ചെറിയാൻ്റെ പത്രികയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ നടന്ന പ്രത്യേക ഹിയറിങ്ങിന് ശേഷമാണ് തീരുമാനം ഉണ്ടായത്. എൽഡിഎഫ് ഉന്നയിച്ച വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ വരണാധികാരി പത്രിക സാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
പത്രിക സ്വീകരിച്ചതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിച്ചു. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് മുന്നണിയുടെ തീരുമാനം.
പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. റെജി ചെറിയാൻ്റെ ഒരു സെറ്റ് പത്രിക ഇന്നലെ തള്ളിയിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാലാണ് തള്ളിയത്. തൊട്ടു പിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽ ഡി എഫ് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
രാമൻചിറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിൻ്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം.
UDF candidate Reji Cherian’s nomination accepted, great relief in Kuttanad













