തിരുവനന്തപുരം: യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എമ്മിനെ തിരിച്ചുകൊണ്ടുവരുന്നതിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കോൺഗ്രസും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യുഡിഎഫ് മുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരും. ഐഷ പോറ്റിയെ പോലെ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
ശ്രീനാദേവി കുഞ്ഞമ്മയുടെ അതിജീവിതക്കെതിരായ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇന്നലെ മുതൽ സമരത്തിലായിരുന്നു. ശ്രീനാദേവിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പരാതി ശ്രദ്ധയിൽപ്പെട്ടാൽ പരിശോധിക്കും. രാഹുൽ കോൺഗ്രസിന് പുറത്താണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്നത് അഭ്യൂഹങ്ങളാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് വരുന്നതിൽ ഇതുവരെ താൽപര്യം അറിയിച്ചിട്ടില്ല. ഒരാളുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലന്നും യുഡിഎഫിന്‍റെ പാരമ്പര്യമുള്ള പാർട്ടി ആണ് കേരള കോൺഗ്രസ് എം. അവർക്ക് തിരിച്ചുവരണമെന്ന് താല്പര്യമറിയിച്ചാൽ ചർച്ച നടത്തുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഓരോ ദിവസം കഴിയുംതോറും യുഡിഎഫിലേക്ക് കേരളം വന്നുകൊണ്ടിരിക്കുകയാണ്. വലിയ ഭൂരിപക്ഷത്തെ ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നാൽ, അമിത ആത്മവിശ്വാസമില്ലെന്നും വലിയ പോരാട്ടമാണ് എന്ന് വിശ്വാസത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
UDF entry of Kerala Congress M; KPCC president Sunny Joseph and KC Venugopal said that no interest has been expressed yet, but if informed, they will hold talks.












