
കണ്ണൂർ: തളിപ്പറമ്പിൽ സിപിഎം വിമതൻ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ കോൺഗ്രസിൽ കലാപം. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ കൊയ്യം ജനാർദനനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനനും മത്സരരംഗത്തിറങ്ങാൻ ഒരുങ്ങുന്നു.
അരനൂറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായ കൊയ്യം ജനാർദനൻ ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സജീവമായി പരിഗണിച്ചിരുന്ന അദ്ദേഹത്തെ തഴഞ്ഞ് സിപിഎം വിമതനെ പിന്തുണയ്ക്കാനുള്ള നീക്കമാണ് പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. അതേസമയം, വൈകാരികമായ പ്രതികരണവുമായാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ രംഗത്തെത്തിയത്. “ഇനിയും ചെണ്ടയാകാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്” എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇന്നലെ വരെ പാർട്ടിയെ അക്രമിച്ചവരെ ഇന്നു ചുമലിൽ താങ്ങുമ്പോൾ, വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ പോകരുത്. ചുവടുമാറി വരുന്നവർക്കു നൽകുന്ന പരിഗണന, പാർട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്. അക്രമങ്ങളും അവഗണനകളും എത്രയുണ്ടായാലും മൂവർണ്ണകൊടി ഇടനെഞ്ചോടു ചേർത്തുപിടിച്ച് പ്രസ്ഥാനത്തിനു വേണ്ടി തെരുവിൽ പോരാട്ടം തുടരും- എന്നും അദ്ദേഹം വികാരാധീനനായി കുറിച്ചു.
വർഷങ്ങളായി പാർട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീർ കാണാതെ, ഇന്നലെ വരെ ആക്രമിച്ചവരെ ചുമലിലേറ്റുന്നതിലെ അമർഷമാണ് വിജിൽ പങ്കുവെച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം വിമതർക്ക് പിന്തുണ നൽകാനുള്ള യുഡിഎഫ് നീക്കം കോൺഗ്രസ് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ഈ ആഭ്യന്തര കലഹം വരും ദിവസങ്ങളിൽ യുഡിഎഫിന് വലിയ തലവേദനയാകുമെന്നുറപ്പാണ്.
UDF faces ‘rebel’ issue in Taliparamb: Koyyam Janardhanan and Vigil Mohanan to contest?















