
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ മികച്ച നിലവാരമുള്ളതാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയതായി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, ക്രമവിരുദ്ധമായി ഒന്നും അവർക്ക് നൽകിയിട്ടില്ലെന്നും വി.ടി. ബലറാമിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയെ അറിയിച്ചു. സൊസൈറ്റിക്ക് നൽകിയ കരാറിന്റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വഴിവിട്ട് വ്യത്യാസപ്പെടുത്തി നൽകിയതായും വിവരമില്ല. ഇത് സംബന്ധിച്ച് ഭാവിയിൽ എന്തെങ്കിലും പരാതികൾ ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിരുന്ന സമയത്ത് ഊരാളുങ്കലിനെതിരെ ഉന്നയിച്ച കടുത്ത നിലപാടുകളിൽ നിന്ന് യു.ഡി.എഫ്. സർക്കാർ ഇപ്പോൾ പൂർണ്ണമായും യുടേൺ അടിച്ചിരിക്കുകയാണ്. പിണറായി സർക്കാരിന്റെ അഴിമതിയുടെ മർമ്മസ്ഥാനവും പ്രഭവകേന്ദ്രവുമാണ് ഊരാളുങ്കൽ എന്നായിരുന്നു അന്ന് കോൺഗ്രസ് – യു.ഡി.എഫ്. നേതാക്കൾ പരസ്യമായി ആരോപിച്ചിരുന്നത്. ഊരാളുങ്കലിന്റേത് മികച്ച പ്രവൃത്തികളായതുകൊണ്ട് തന്നെ എല്ലാവരും അവരുടെ പിന്നാലെ പോകുന്നതിനാലുള്ള ജോലിഭാരം (വർക്ക് ലോഡ്) മാത്രമാണ് അവർ ഇപ്പോൾ നേരിടുന്ന ഏക പ്രശ്നമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. എന്നാൽ, പത്തുവർഷം കൊണ്ട് അവർക്ക് ഒരുപാട് വർക്കുകൾ കിട്ടുന്നുണ്ടെന്നും പ്രവൃത്തികൾ ഊരാളുങ്കലിന്റെ കുത്തകയായി മാറുന്നു എന്ന നിരീക്ഷണമുള്ളതിനാൽ വർക്കുകൾ നിജപ്പെടുത്തുമോ എന്ന് വി.ടി. ബലറാം ചോദിച്ചു. ഇതിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നാണ് മന്ത്രി മറുപടി നൽകിയത്.
ഊരാളുങ്കലിന്റെ കാര്യത്തിൽ വൈകിയാണെങ്കിലും യു.ഡി.എഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പരിഹസിച്ചു. ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കൽ കാഴ്ചവെക്കുന്നതെന്ന് തങ്ങൾ മുൻപ് പറഞ്ഞപ്പോൾ അന്ന് പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ്. അതിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്ന് ഭരണപക്ഷത്തിരുന്ന് അവർക്ക് തന്നെ മാറ്റിപ്പറയേണ്ടി വന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഊരാളുങ്കലിനെതിരെ പരസ്യമായി വലിയ വിമർശനങ്ങൾ ഉന്നയിച്ചവർ തന്നെ, രഹസ്യമായി അവരെ പോയി കണ്ട് തങ്ങളുടെ മണ്ഡലങ്ങളിലെ വർക്കുകൾ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വി.എൻ. വാസവൻ വെളിപ്പെടുത്തി.
UDF Government Backs Uralungal Society in Assembly; V N Vasavan Teases Opposition’s Complete U-Turn















