സമുദായ ഐക്യനീക്കത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റത്തിൽ യുഡിഎഫിന് പങ്കില്ല, സമുദായങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുത്; പ്രതിപക്ഷ നേതാവ്

കൊച്ചി: എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കം തകർന്നതിൽ യുഡിഎഫിന് ഒരു പങ്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെ തന്നെയായിരിക്കണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന ആരോപണം തള്ളിയ അദ്ദേഹം, വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ പത്മ പുരസ്കാര നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കെ. മുരളീധരന്റെ പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും ശശി തരൂരിനെ സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്

വിവിധ സമൂഹങ്ങളും സമുദായങ്ങളും തമ്മില്‍ സൗഹൃദമുണ്ടാക്കുന്നത് നല്ലതാണ്. യോജിച്ച് പ്രവര്‍ത്തിക്കണോ വേണ്ടയോയെന്ന് അവരാണ് തീരുമാനിക്കുന്നത്. യു.ഡി.എഫും കോണ്‍ഗ്രസും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കാറുമില്ല. അവര്‍ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാത്തതു പോലെ അവരുടെ കാര്യത്തില്‍ ഞങ്ങളും ഇടപെടാറില്ല. അവര്‍ക്ക് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അത് അവരുടെ ഇഷ്ടമാണ്. അക്കാര്യത്തില്‍ ഒരു അഭിപ്രായവുമില്ല. അവരുടേതായ ആഭ്യന്തര കാര്യങ്ങളില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലിയും അവര്‍ അവരുടെ ജോലിയും ചെയ്യട്ടെ. യോജിക്കാതിരിക്കാന്‍ അവരുടേതായ കാരണങ്ങളുണ്ടാകും. ഞങ്ങള്‍ ആരും സമുദായ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാറില്ല. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്വീകരിച്ച തീരുമാനത്തില്‍ ഞങ്ങള്‍ക്ക് എന്ത് കാര്യമാണുള്ളത്. എല്ലാ ദിവസവും ഒരാളെ വിമര്‍ശിക്കാന്‍ പറ്റില്ല. എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് തിരുത്തും. ആരും വിമര്‍ശനത്തിന് അതീതരല്ല. വിമര്‍ശനത്തോട് അസഹിഷ്ണുത പാടില്ല. അസഹിഷ്ണുത കാട്ടിയാല്‍ നമ്മളാണ് ചെറുതായി പോകുന്നത്. ഞാന്‍ ആര്‍ക്കെതിരെയും മോശം വാക്ക് ഉപയോഗിച്ചിട്ടില്ല. ഒരു കാര്യത്തില്‍ മാത്രമെ വിയോജിപ്പുള്ളൂ, വര്‍ഗീയത പറയരുത്. വര്‍ഗീയത പറഞ്ഞാല്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. എസ് എന്‍ ഡി പി യോഗം എത്രയോ വര്‍ഷമായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ്. വെള്ളാപ്പള്ളി അതിന്റെ തലപ്പത്ത് ഇരിക്കുന്ന വ്യക്തിയാണ്. പത്മ പുരസ്‌കാരം എസ് എന്‍ ഡി പിക്ക് കിട്ടിയ അംഗീകാരമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എസ് എന്‍ ഡി പിക്ക് അംഗീകാരം കിട്ടുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. പുരസ്‌കാര ലബ്ധിയില്‍ അദ്ദേഹത്തെ അനുമോദിക്കുന്നു. അദ്ദേഹം ഉള്‍പ്പെടെ പത്മ പുരസ്‌കാരം നേടിയ എല്ലാ മലയാളികളെയും അഭിനന്ദിക്കുന്നു.

ശശി തരൂരിനെ കുറിച്ച് നിങ്ങള്‍ തന്നെ വാര്‍ത്ത നല്‍കിയിട്ട് എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് മറുപടിയാണ് പറയേണ്ടത്. ഇതിന് മുന്‍പ് ഡല്‍ഹിയില്‍ നടന്ന ഒരു യോഗത്തില്‍ ഞാനും പങ്കെടുത്തിട്ടില്ല. പക്ഷെ നിങ്ങള്‍ അതേക്കുറിച്ച് അറിഞ്ഞില്ല. അത് വാര്‍ത്തായാക്കാത്തതില്‍ എനിക്ക് വിഷമമുണ്ട്. കെ. മുരളീധരന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉറപ്പായും പരിശോധിക്കും. അദ്ദേഹം മുതിര്‍ന്ന നേതാവാണ്. അക്കാര്യം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

Also Read

More Stories from this section

family-dental
witywide