പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ നടപടി: ഇർഷാദിന്‍റെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്ത് ലീഗ്; യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനവും നഷ്ടമായി

കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇർഷാദ് ചക്കാലശ്ശേരിക്കെതിരെ യുഡിഎഫും മുസ്ലിം ലീഗും കർശന നടപടി സ്വീകരിച്ചു. ഇർഷാദിനെ കായംകുളം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. ഇതിന് പുറമെ, അന്വേഷണ വിധേയമായി ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും അറിയിച്ചു.

യു പ്രതിഭയുടെ വികസന പ്രവർത്തനങ്ങളെക്കാൾ ശരീര സൗന്ദര്യത്തെ അധിക്ഷേപിക്കുന്ന തരത്തിൽ ഇർഷാദ് നടത്തിയ പ്രസംഗം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു തന്നെ ഈ പരാമർശത്തെ പരസ്യമായി തള്ളുകയും ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ചേർന്നതല്ലെന്നും ഇത്തരം സ്ത്രീവിരുദ്ധ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും ലിജു വ്യക്തമാക്കി. വിവാദം കടുത്തതോടെ ഖേദപ്രകടനവുമായി ഇർഷാദ് രംഗത്തെത്തിയെങ്കിലും നടപടിയെടുക്കാൻ മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയമായ വിയോജിപ്പുകളെ വ്യക്തിഹത്യയിലൂടെ നേരിടുന്നത് യുഡിഎഫിന്റെ സംസ്കാരശൂന്യതയാണെന്നായിരുന്നു ഇടത് മുന്നണിയുടെ ആക്ഷേപം. തിരഞ്ഞെടുപ്പ് കമ്മീഷന് യു പ്രതിഭ പരാതി നൽകുകയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് അച്ചടക്ക നടപടികളിലൂടെ വിവാദം തണുപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുന്നത്.

UDF Ousts Irshad Chakkalassery from Chairman Post; Muslim League Suspends Membership Over Sexist Jibe at U Pratibha

Also Read

More Stories from this section

family-dental
witywide