അണ്ണാ… ലീഗ് ഇവിടെ മത്സരിച്ചാൽ കോൺഗ്രസ് ഇനി ഉണ്ടാകില്ല, ഉറച്ച നിലപാടുമായി ഡിസിസി സെക്രട്ടറി; പുനനലൂരിലെ വിമത നീക്കത്തിൽ പകച്ച് കോൺഗ്രസ്

കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ വൻ പ്രതിസന്ധി. മുസ്‌ലിം ലീഗ് മത്സരിക്കുന്ന സീറ്റിൽ വിമതനായി മത്സരിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാവിനെ അനുനയിപ്പിക്കാനുള്ള യോഗത്തിൽ നിന്ന് ഡിസിസി സെക്രട്ടറി ഇറങ്ങിപ്പോയി. ഡിസിസി സെക്രട്ടറി സഞ്ജയ് ഖാനാണ് ഇപ്പോൾ യുഡിഎഫിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. “ആത്മാഭിമാനം പണയപ്പെടുത്താൻ കഴിയില്ല. അണ്ണാ… ലീഗ് ഇവിടെ മത്സരിച്ചാൽ പുനലൂരിൽ കോൺഗ്രസ് ഇനി ഉണ്ടാകില്ല” എന്ന് തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച നേതാക്കളോട് സഞ്ജയ് ഖാൻ പറഞ്ഞു.

“ഇപ്പോൾ തീരുമാനിച്ച സ്ഥാനാർഥി മത്സരിച്ചാൽ വലിയ പരാജയമാകും. അതുകൊണ്ട് യുഡിഎഫ് നേതൃത്വം വീണ്ടും ആലോചിക്കണം. ഇല്ലെങ്കിൽ നാളെ ഞാൻ പത്രിക നൽകും,” എന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. പുനലൂർ സീറ്റ് ഇത്തവണയും മുസ്‌ലിം ലീഗിന് നൽകാനുള്ള യുഡിഎഫ് തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിസിസി ട്രഷററും പുനലൂർ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു.

വ്യാഴാഴ്ച പുനലൂരിൽ ചേർന്ന അഞ്ചൽ, പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പിറ്റേദിവസം സ്ഥാനാർഥിയുടെ റോഡ് ഷോ മണ്ഡലത്തിന്റെ കിഴക്കൻ അതിർത്തിയായ ആര്യങ്കാവിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുന്നാൾ ആയതിനാൽ അത് മാറ്റിവെച്ചു. പിന്നീട് മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. കെ.സി. വേണുഗോപാൽ എം.പി. ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ട് അനുനയ ശ്രമങ്ങൾ നടത്തിയതിനെ തുടർന്ന് നെൽസൺ സെബാസ്റ്റ്യൻ പിന്മാറി. എന്നാൽ ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide