
വയനാട് സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് നേതൃക്യാമ്പ് ‘ലക്ഷ്യ-2026’ന്റെ സമാപനത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് വൻ പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി ‘ടീം യുഡിഎഫ്’ മാറുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ ഇടതുപക്ഷ സഹയാത്രികർ യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എത്തുമെന്നും വലിയ വിസ്മയങ്ങൾ രാഷ്ട്രീയ രംഗത്ത് സംഭവിക്കാനിരിക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കുമെന്നും നിലവിൽ നികുതി കൊള്ള നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാൾ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. പാർട്ടിയുടെ അടിത്തറ അത്രമേൽ ശക്തമാണെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് നൂറു സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്. എൽഡിഎഫ് ഇന്ന് ശിഥിലമായ അവസ്ഥയിലാണെന്നും ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തുക എന്നത് കെപിസിസി ടീമിന്റെ ചരിത്രപരമായ ദൗത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പാർട്ടിയിൽ തർക്കമുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് സതീശൻ തിരിച്ചടിച്ചു. മുഖ്യമന്ത്രി ആരെന്ന് കോൺഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിക്കുക. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ആർക്കും തർക്കമില്ലെന്നും കോൺഗ്രസിന് കരുത്തരായ നേതാക്കളുടെ ഒരു വലിയ നിര തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് പിന്നാലെ ക്യാമ്പിലുണ്ടായിരുന്ന നേതാക്കൾ ഒന്നടങ്കം പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചു. തുടർന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ‘മിഷൻ-2026’ അദ്ദേഹം ക്യാമ്പിൽ അവതരിപ്പിച്ചു.
2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാവിജയത്തിലേക്ക് യുഡിഎഫിനെ തിരികെ കൊണ്ടുപോവുക എന്നതാണ് ‘മിഷൻ 2026’-ലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യുഡിഎഫിൽ നിന്ന് അകന്നുപോയ ക്രിസ്ത്യൻ വിഭാഗങ്ങൾ തിരിച്ചുവന്നതായും മുസ്ലിം സമുദായം മുന്നണിയോട് കൂടുതൽ അടുത്തതായും മിഷൻ രേഖയിൽ പറയുന്നു. ക്രിസ്ത്യൻ സഭകളിലേക്ക് കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമങ്ങളെ തടയാൻ കഴിഞ്ഞുവെന്നും ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഹൈന്ദവ വോട്ടുകൾ അനുകൂലമാക്കാൻ സഹായിച്ചുവെന്നും രേഖയിൽ വിലയിരുത്തുന്നു.
നിലവിൽ എൽഡിഎഫ് നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് അവർക്ക് അടുത്ത കാലത്തൊന്നും കരകയറാൻ കഴിയില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. സ്വർണ്ണക്കൊള്ളയിൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്കു വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും ഇത് ഭരണവിരുദ്ധ വികാരം ശക്തമാക്കുമെന്നും മിഷൻ-2026 വ്യക്തമാക്കുന്നു. താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കി നൂറു സീറ്റുകൾ എന്ന ലക്ഷ്യം കൈവരിക്കാനുള്ള കൃത്യമായ കർമ്മപദ്ധതിയാണ് വയനാട് നേതൃക്യാമ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്.











