
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ്)മികച്ച വിജയം നേടുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും രാഹുൽ ഗാന്ധി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നും ഐക്യത്തോടെയുള്ള പോരാട്ടം മുന്നണിയെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം പാർട്ടി പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ അദ്ദേഹം പ്രവർത്തകർക്ക് നിർദ്ദേശം നൽകി.
മുന്നണിയിലെ ഐക്യമാണ് ഏറ്റവും വലിയ കരുത്തെന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കും. കേരളത്തിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തെ അധികാരത്തിലേറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.












