കേരളത്തിൽ എൽഡിഎഫിൻ്റെ തുടർഭരണത്തിന് കടിഞ്ഞാൺ ഇടാൻ കച്ചകെട്ടിയിറങ്ങി യുഡിഎഫ്. ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്നും കേരളം ജയിക്കും യുഡിഎഫ് നയിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാറാണ്. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും യുഡിഎഫിൻ്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
കേരളം തന്റെ വീടാണ്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബമാണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. 40 സീറ്റുകളിൽ 3 സീറ്റുകളിലേക്ക് സ്വതന്ത്രരെ പരിഗണിക്കുന്നുണ്ട്. അതിനാൽ നിലവിൽ 37 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കണ്ണൂരില്‍ മത്സരിക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടതോടെയായിരുന്നു കോൺഗ്രസിലെ രണ്ടാം പട്ടികയിലും അനിശ്ചിതത്വം വന്നത്.
UDF will lead Kerala to victory; Team UDF means Team Kerala, Rahul Gandhi










