
തിരുവനന്തപുരം: കേരളത്തിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ഭരണത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിലെ അനുകൂല തരംഗവും വോട്ടർമാരുടെ സജീവ പങ്കാളിത്തവും യുഡിഎഫിന് വലിയ വിജയം സമ്മാനിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് തവണ കേരളത്തിലുടനീളം നടത്തിയ യാത്രകളിൽ നിന്ന് ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഈ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നത്. പോളിംഗ് ബൂത്തുകളിൽ കാണുന്ന വോട്ടർമാരുടെ നീണ്ട നിര യുഡിഎഫിന് അനുകൂലമായ ട്രെൻഡാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
“കേരളത്തിലെ വോട്ടർമാർ പ്രബുദ്ധരാണ്. അവർ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ നിരീക്ഷിക്കുന്നുണ്ട്. കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് കേരളത്തിലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്,” സതീശൻ പറഞ്ഞു.
അതേസമയം, പോസ്റ്റൽ വോട്ടുകൾ വിതരണം ചെയ്യുന്നതിലെ വീഴ്ചകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നിരവധി പേർക്ക് പോസ്റ്റൽ ബാലറ്റുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും ബാലറ്റ് കിട്ടാത്തവരുണ്ടെന്നും, ഒരാൾ പോലും വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
UDF will return to power with more than 100 seats: V.D. Satheesan













