ഇന്ധന സ്വിച്ച് സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെട്ട് യുകെ, നിയന്ത്രണ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ഇന്ധന സ്വിച്ചിൽ തകരാർ ഉണ്ടായേക്കാമെന്ന ആശങ്ക നിലനിൽക്കെയുണ്ടായ സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം തേടി ബ്രിട്ടന്റെ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). സുരക്ഷാ പരിശോധനകൾക്കായി ഇന്ത്യയിൽ നിർത്തിയിട്ടിരുന്ന ബോയിങ് ഡ്രീംലൈനർ വിമാനം ഞായറാഴ്ച ലണ്ടനിൽ നിന്ന് പുറപ്പെട്ടതുമായി ബന്ധപ്പെട്ടാണ് വിശദീകരണം ആവശ്യപ്പെട്ടത്. മറുപടി തൃപ്തികരമല്ലെങ്കിൽ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 2ന് എഐ 132 വിമാനം ഓപ്പറേറ്റ് ചെയ്ത പൈലറ്റ്, ബോയിങ് 787-8 വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വിമാനം ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം പരിശോധനയ്ക്കായി ഗ്രൗണ്ട് ചെയ്തു. ചൊവ്വാഴ്ച തീയതി രേഖപ്പെടുത്തിയ കത്തിൽ, ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ വിശദീകരണം നൽകാത്ത പക്ഷം എയർ ഇന്ത്യയ്ക്കും ബോയിങ് 787 വിമാനങ്ങൾക്കും എതിരെ നിയന്ത്രണ നടപടി സ്വീകരിക്കുമെന്ന് യുകെ സിഎഎ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ തേടുന്നത് സുരക്ഷാ നടപടികളുടെ ഭാഗമാണെന്നും അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന അഹമ്മദാബാദ് വിമാന അപകടമായ എയർ ഇന്ത്യ ഡ്രീംലൈനർ അപകടത്തിന് പിന്നാലെ ഇന്ധന സ്വിച്ചുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ആ അപകടത്തിൽ 250ലേറെ പേരാറ് മരിച്ചത് വിമാന എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഘടകങ്ങളാണ് ഈ സ്വിച്ചുകൾ.വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടത്തിയ എല്ലാ പരിപാലന നടപടികളും വിശദമായി രേഖപ്പെടുത്തി സമർപ്പിക്കണമെന്ന് സിഎഎ എയർ ഇന്ത്യയോട് നിർദേശിച്ചു. കൂടാതെ, സംഭവത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്ന വിശദമായ റിപ്പോർട്ടും, സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിപദ്ധതിയും സമർപ്പിക്കണമെന്നാവശ്യപ്പെട്ടു.

റോയിറ്റേഴ്‌സിനോട് പ്രതികരിച്ച എയർ ഇന്ത്യ, മുൻകരുതൽ എന്ന നിലയിൽ ഇന്ധന സ്വിച്ചുകൾ വീണ്ടും പരിശോധിച്ചെന്നും യാതൊരു തകരാറും കണ്ടെത്തിയിട്ടില്ലെന്നും അറിയിച്ചു. യുകെ നിയന്ത്രണ ഏജൻസിക്ക് ആവശ്യമായ മറുപടി നൽകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇതിനിടെ, ഇന്ത്യൻ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡിജിസിഎ നടത്തിയ പ്രാഥമിക പരിശോധനയിൽ, ഇന്ധന സ്വിച്ച് പ്രവർത്തിപ്പിക്കുന്നതിൽ നിർദേശിച്ച നടപടിക്രമം പൂർണമായി പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ നിശ്ചിത നടപടികൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.

UK demands explanation from Air India over fuel switch incident, warns of regulatory action

More Stories from this section

family-dental
witywide