ലണ്ടൻ: ജെഫ്രി എപ്സ്റ്റീൻ വിവാദം പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കെ, അദ്ദേഹത്തിന് പകരക്കാരിയായി ലേബർ പാർട്ടിയിലെ പ്രമുഖ നേതാവ് ഷബാന മഹ്മൂദിന്റെ പേര് ശക്തമായി ഉയരുന്നു. നിലവിൽ ആഭ്യന്തരകാര്യ സെക്രട്ടറിയായ ഷബാന മഹ്മൂദ് ബ്രിട്ടന്റെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു.
അമേരിക്കയിൽ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളാണ് യൂറോപ്പടക്കം വിവിധ രാജ്യങ്ങളിലെ സർക്കാരുകളെ പ്രതിസന്ധിയിലാക്കിയത്. ഇതിന്റെ പ്രത്യാഘാതമാണ് ബ്രിട്ടൻ രാഷ്ട്രീയത്തിലും ഇപ്പോൾ കാണുന്നത്. 45 വയസുള്ള അഭിഭാഷകയും രാഷ്ട്രീയ നേതാവുമായ ഷബാന മഹ്മൂദ്, സ്റ്റാർമറുടെ അടുത്ത അനുയായികളിൽ ഒരാളാണ്. ലേബർ പാർട്ടിയുടെ വലതുപക്ഷ ചിന്താഗതിയുമായി ബന്ധപ്പെട്ട നേതാവായ അവർ ശക്തമായ പ്രസംഗശൈലിക്കാരിയെന്ന നിലയിലും അറിയപ്പെടുന്നു.
ബർമിങ്ഹാമിൽ ജനിച്ച ഷബാനയുടെ മാതാപിതാക്കൾക്ക് പാകിസ്ഥാനിലും പാകിസ്ഥാൻ അധീന കശ്മീരിലെ മിർപൂരിലുമാണ് വേരുകൾ. 2002ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ അവർ പിന്നീട് ബാരിസ്റ്ററായി. 2010ൽ റുഷനാര അലി, യാസ്മിൻ ഖുറേഷി എന്നിവർക്കൊപ്പം ആദ്യ മുസ്ലിം വനിതാ എംപിമാരിൽ ഒരാളായി പാർലമെന്റിലെത്തി.
2025ൽ ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ഷബാന മഹ്മൂദ്, കുടിയേറ്റവും അതിർത്തി സുരക്ഷയും കൈകാര്യം ചെയ്യുന്ന പ്രധാന മന്ത്രിയാണ്. കുടിയേറ്റ വിഷയത്തിൽ കർശന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. സ്ഥിരതാമസാവകാശം ലഭിക്കാൻ വേണ്ട കാലാവധി അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമാക്കാനുള്ള അവരുടെ നിർദേശം വലിയ വിവാദമായിരുന്നു. അതേസമയം, മുസ്ലിം നേതാവെന്ന നിലയിൽ, പലസ്തീൻ അനുകൂലികളും ലേബർ പാർട്ടിയിൽ നിന്ന് അകന്നുപോയ ചില വോട്ടർമാരെയും വീണ്ടും ആകർഷിക്കാൻ ഷബാനക്ക് കഴിയുമെന്ന വിലയിരുത്തലും ശക്തമാണ്.
പീറ്റർ മാൻഡൽസനെ വാഷിംഗ്ടണിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് സ്റ്റാർമറിന് വലിയ തിരിച്ചടിയായത്. എപ്സ്റ്റീനുമായി മാൻഡൽസന് ഉണ്ടായിരുന്ന ബന്ധം പുറത്തുവന്നതോടെയാണ് ലേബർ പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം ഉയർന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്റ്റാർമറുടെ ചീഫ് ഓഫ് സ്റ്റാഫ് മോർഗൻ മക്‌സ്വീനീ രാജിവച്ചെങ്കിലും, പ്രധാനമന്ത്രി തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് നിരവധി എംപിമാർ ആവശ്യപ്പെടുന്നു.
അംഗീകാരം കുറഞ്ഞതും പാർട്ടിക്കുള്ളിലെ എതിർപ്പും കാരണം സ്റ്റാർമറിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നേതൃചർച്ചകൾ സജീവമായത്. ഷബാന മഹ്മൂദിനൊപ്പം ആഞ്ചല റെയ്‌നർ, വെസ് സ്ട്രീറ്റിംഗ്, എഡ് മിലിബാൻഡ്, ആൻഡി ബേൺഹം എന്നിവരും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലുണ്ട്.
ബുക്ക്മേക്കർമാരുടെ കണക്കു പ്രകാരം ഷബാന മഹ്മൂദിന് നിലവിൽ ഏകദേശം 10 ശതമാനം വിജയസാധ്യതയാണുള്ളത്. എന്നാൽ ലേബർ പാർട്ടിയിലെ വലതുപക്ഷത്തെയും മുസ്ലിം വോട്ടർമാരെയും ഒരുമിപ്പിക്കാൻ കഴിയുന്ന നേതാവെന്ന നിലയിൽ അവർ ‘ഡാർക്ക് ഹോഴ്സ്’ സ്ഥാനാർത്ഥിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സ്റ്റാർമർ രാജിവയ്ക്കുകയോ, നേതൃമാറ്റം നടക്കുകയോ ചെയ്താൽ മാത്രമേ ഷബാന മഹ്മൂദിന് പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുങ്ങൂ. അവരുടെ കർശന കുടിയേറ്റ നയങ്ങളോടുള്ള പൊതുജന പ്രതികരണമാണ് തുടർന്നുള്ള രാഷ്ട്രീയ ഭാവി നിർണയിക്കുക.
UK may get first Muslim PM, Shabana Mahmood, as Epstein scandal hits Starmer: Know her chances, stance on immigration











