‘അംഗീകരിക്കാനാകാത്ത ലംഘനം’: വെനിസ്വേലൻ പ്രസിഡന്റ് മദൂറോയെ പിടികൂടിയതിനെതിരെ അമേരിക്കയെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യയും ചൈനയും

വെനസ്വേലയിൽ അമേരിക്ക നടത്തിയ കടന്നാക്രമണത്തെയും വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അമേരിക്ക പിടികൂടിയ നടപടിയെ റഷ്യയും ചൈനയും ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനവും ആഗോളതലത്തിൽ അപകടകരമായ സംഘർഷമാണെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. റഷ്യയും ചൈനയും ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ അടുത്ത സഖ്യ രാജ്യങ്ങളാണ്.

ഒരു സ്വതന്ത്ര രാജ്യത്തെയും അതിന്റെ രാഷ്ട്രതലവനെയും ലക്ഷ്യമാക്കി അമേരിക്ക ബലം പ്രയോഗിച്ച് കടന്നാക്രമണം നടത്തിയ കാര്യത്തിൽ തങ്ങൾ “അതീവ ഞെട്ടലിലാണെന്ന്” ചൈന പറഞ്ഞു. വെനിസ്വേലയുടെ പരമാധികാരം ലംഘിക്കുകയും ലാറ്റിൻ അമേരിക്ക–കരീബിയൻ മേഖലകളിലെ സമാധാനവും സ്ഥിരതയും തകർക്കുകയും ചെയ്തുവെന്ന് ബെയ്ജിംഗ് ആരോപിച്ചു.“അമേരിക്കയുടെ ഇത്തരം ആധിപത്യപരമായ നടപടികൾ അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നു.

ഇത് ലാറ്റിൻ അമേരിക്കയും കരീബിയൻ മേഖലയുമുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ്. ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു,” എന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു. കാരക്കാസിലെ മിരാഫ്‌ലോറസ് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മദൂറോ ഉന്നതതല ചൈനീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ നടപടി നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

വെനിസ്വേലൻ മാധ്യമങ്ങളും ഔദ്യോഗിക ദൃശ്യങ്ങളും പ്രകാരം, യോഗത്തിൽ മുതിർന്ന ചൈനീസ് നയതന്ത്ര പ്രതിനിധികൾ പങ്കെടുത്തു. വാഷിംഗ്ടണുമായുള്ള സംഘർഷം ഉയരുന്ന സാഹചര്യത്തിൽ മദൂറോ സർക്കാരിന് ചൈനയുടെ പിന്തുണ വീണ്ടും ഉറപ്പാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. വെനിസ്വേലയിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യം ചൈനയാണ്. 2007 മുതൽ രാജ്യത്ത് പതിനായിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപവും ചൈന നടത്തിയിട്ടുണ്ട്.

അതേസമയം, അമേരിക്കയുടെ നടപടി “ആശങ്കാജനകമാണ്” എന്ന് റഷ്യയും പ്രതികരിച്ചു. മദൂറോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും ബലമായി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ “അതീവ ഗുരുതര ആശങ്ക” ഉണ്ടാക്കുന്നതാണെന്ന് മോസ്കോ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടാൽ അത് രാജ്യപരമാധികാരത്തിന്റെ അംഗീകരിക്കാനാകാത്ത ലംഘനമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്നും, കൂടുതൽ സംഘർഷം ഒഴിവാക്കാൻ എല്ലാ കക്ഷികളും സംവാദത്തിലേക്ക് കടക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

“മയക്കുമരുന്ന് വിരുദ്ധ യുദ്ധം” എന്ന പേരിൽ ആഴ്ചകളായി സൈനിക സമ്മർദ്ദം വർധിപ്പിച്ചുവരുന്നതിനിടെയാണ് വെനിസ്വേലയിൽ അമേരിക്കൻ സേന ആക്രമണം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റഷ്യയും ചൈനയും വിമർശനവുമായി രംഗത്തെത്തിയത്. യുക്രെയിനിലെ റഷ്യൻ നടപടികളെ പാശ്ചാത്യ രാജ്യങ്ങൾ വിമർശിക്കുമ്പോൾ, വെനിസ്വേലയിലെ അമേരിക്കൻ നടപടിയെ “സമാധാനപരവും ജനാധിപത്യപരവുമായ മാറ്റത്തിലേക്കുള്ള ചുവട്” എന്ന രീതിയിൽ അവതരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ ആരോപിച്ചു.

കാരക്കാസിൽ, പിടിയിലാകുന്നതിന് മുൻപ് മദൂറോ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവച്ചതായി വെനിസ്വേലയുടെ ആശയവിനിമയ മന്ത്രാലയം അറിയിച്ചു. അമേരിക്കൻ ആക്രമണത്തിനെതിരെ സാമൂഹിക-രാഷ്ട്രീയ സംഘടനകൾ ഒന്നടങ്കം പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

‘Unacceptable violation’: Russia, China slam US over capture of Venezuelan President Maduro

More Stories from this section

family-dental
witywide