‘ഡീൽ’ ആരോപണങ്ങൾക്ക് വെറും പീലിൻ്റെ വില; പ്രധാനമന്ത്രി എത്തുമ്പോൾ മറുപടി ലഭിക്കുമെന്ന് സുരേഷ് ഗോപി

കോഴിക്കോട്: കേരളത്തിലെ ഇരുമുന്നണികളും പരസ്പരം ഉന്നയിക്കുന്ന ‘ഡീൽ’ ആരോപണങ്ങളെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തരം ആരോപണങ്ങൾക്ക് വെറും ‘പീലിന്റെ വില’ മാത്രമേ കൽപ്പിക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബി.ജെ.പിയുമായി മുന്നണികൾ രഹസ്യ ധാരണയുണ്ടാക്കുന്നു എന്ന ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോൾ കൃത്യമായ മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വികസന മുരടിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുന്നണികൾ ഇത്തരം നുണപ്രചരണങ്ങൾ നടത്തുന്നതെന്നും, ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകുമെന്ന സൂചനയും കേന്ദ്രമന്ത്രി നൽകി.

അതേസമയം, കേരളത്തിലെ ഇടത്-വലത് മുന്നണികൾക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. “അങ്ങനെ ഏതെങ്കിലും ഡീലുണ്ടാക്കാൻ ഞങ്ങൾ നിന്നിട്ടില്ല, ജയിച്ചു വെല്ലാനാണ് ഞങ്ങൾ മത്സരിക്കുന്നത്. ഡീൽ ഉണ്ടെങ്കിൽ അത് നിങ്ങൾ തമ്മിലല്ലേ? ‘ഇൻഡി’ സഖ്യം തന്നെ ഒരു വലിയ ഡീലല്ലേ? ആ ഡീലിലൂടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ബംഗാളിലെയും ജനങ്ങളെ നിങ്ങൾ കബളിപ്പിക്കുകയാണ്. അത്തരമൊരു ദേശീയ ഡീലിൽ ജനങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നവരാണ് ഇവിടെ വന്ന് ഡീലിനെക്കുറിച്ച് സംസാരിക്കുന്നത്,” സുരേഷ് ഗോപി പരിഹസിച്ചു.

സ്വർണ്ണക്കൊള്ള അടക്കമുള്ള വിഷയങ്ങളിൽ ഇരുമുന്നണികളും ആരോപണ പ്രത്യാരോപണങ്ങൾ നടത്തുകയല്ലാതെ അയ്യപ്പൻ്റെ സ്വർണം കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശോഭാ സുരേന്ദ്രനെ നിയമസഭയിൽ എത്തിക്കേണ്ടതിൻ്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ഒന്നര വർഷക്കാലം നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ, ‘വെക്കടോ സ്വർണം, എൻ്റെ അയ്യൻ്റെ സ്വർണം തിരിച്ചു കൊണ്ടുവന്നു വെക്കടോ’ എന്ന് പറയാൻ ഇവിടെ ഒരു കരുത്തുറ്റ പ്രതിപക്ഷം ഉണ്ടായേനെ. ഈ ഇടതനെയും വലതനെയും ചവിട്ടി പുറത്താക്കണമെന്നാണ് എനിക്ക് കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Union Minister Suresh Gopi ridicules ‘deal’ allegations leveled against each other by both fronts in Kerala

More Stories from this section

family-dental
witywide