ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി. മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കൊല്ലം വിജിലൻസ് കോടതിയുടെ നടപടി.
കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. അതേസമയം, എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Unnikrishnan Potti’s bail plea rejected in Sabarimala gold theft case











