
ടെഹ്‌റാൻ: വിലക്കയറ്റത്തിനെതിരെ ജനം തെരുവിലിറങ്ങിയ ഇറാനിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രാജ്യം വിടാനൊരുങ്ങുന്നു എന്ന വാർത്തകൾ ഇന്ത്യയിലെ ഇറാൻ എംബസി പൂർണ്ണമായും തള്ളി. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മൂലം പ്രക്ഷോഭങ്ങൾ ശക്തമായ സാഹചര്യത്തിൽ, ഖമനയിയും കുടുംബവും റഷ്യയിലേക്ക് പോകാൻ പദ്ധതിയിടുന്നു എന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളെയാണ് എംബസി നിഷേധിച്ചത്.
ഈ വാർത്തകൾ തികച്ചും തെറ്റും ശത്രുരാജ്യവും പ്രചരിപ്പിക്കുന്ന നുണകളാണെന്ന് ഇറാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധസമയത്ത് പോലും ഖമനയി രാജ്യം വിട്ടിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
രാജ്യ തലസ്ഥാനമായ ടെഹ്‌റാൻ ബസാറിൽ ചൊവ്വാഴ്ച ഇറാനിയൻ സുരക്ഷാ സേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി, പ്രകടനക്കാരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു, മൂന്ന് വർഷത്തിനിടെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ ബാധിക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. ജീവിതച്ചെലവ് വർദ്ധിച്ചതിനെതിരായ രോഷമാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. അതിനിടെ ചൊവ്വാഴ്ച ഇറാനിയൻ റിയാലിന്റെ മൂല്യം വീണ്ടും കുറഞ്ഞ് വിദേശ കറൻസികൾക്കെതിരെ മറ്റൊരു റെക്കോർഡ് താഴ്ന്ന നിലയിലെത്തി.
ഖമനയി ജനുവരി 3-ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്നും അദ്ദേഹം സജീവമായി ഭരണരംഗത്തുണ്ടെന്നും എംബസി വ്യക്തമാക്കി. സത്യമല്ലാത്തതും വിദേശ രാജ്യങ്ങളുടെ പ്രചരണത്തിൻ്റെ ഭാഗവുമായ ഇത്തരം വാർത്തകൾ നൽകുന്നതിൽ ഇന്ത്യൻ മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
അതേസമയം, ഇറാനിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.
Unrest continues in Iran; Iranian embassy denies reports that Khamenei is planning to leave the country













