ഇന്ത്യക്കെതിരെ വിഘടനവാദികൾക്കൊപ്പം ഗൂഢാലോചന; അമേരിക്കൻ-യുക്രൈൻ പൗരന്മാർ എൻഐഎ കസ്റ്റഡിയിൽ, ആയുധ പരിശീലനമടക്കം നൽകിയെന്ന് കണ്ടെത്തൽ

ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന രീതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനം ആസൂത്രണം ചെയ്തെന്നാരോപിച്ച് ആറ് യുക്രൈൻ പൗരന്മാരെയും ഒരു അമേരിക്കൻ പൗരനെയും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകൾക്കൊടുവിൽ ദില്ലി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നാണ് ഏഴ് പേരെയും പിടികൂടിയത്. വടക്കുകിഴക്കൻ വിഘടനവാദികൾക്ക് പുറമെ മ്യാന്മാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുമായും ഇവർ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ.

അറസ്റ്റിലായവരിൽ പ്രമുഖനായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക് (Matthew VanDyke) മുൻപും വിവിധ യുദ്ധമേഖലകളിൽ സജീവമായിരുന്ന വ്യക്തിയാണെന്ന് എൻഐഎ ദില്ലി കോടതിയിൽ വ്യക്തമാക്കി. ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനും അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കാനുമുള്ള പരിശീലനം ഇവർ വിഘടനവാദികൾക്ക് നൽകിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിൽ നിന്ന് വലിയ അളവിൽ ഡ്രോണുകൾ ഇന്ത്യ വഴി മ്യാന്മറിലെ പരിശീലന ക്യാമ്പുകളിലേക്ക് ഇവർ എത്തിച്ചതായും കോടതിയെ അറിയിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഗൂഢാലോചനയിൽ ഇവർക്ക് വലിയ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വിഘടനവാദി സംഘടനകൾക്ക് സാങ്കേതിക വിദ്യയും ആയുധപരിശീലനവും നൽകുന്നത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. യുക്രൈൻ സർക്കാർ തങ്ങളുടെ പൗരന്മാരുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ചതായും എന്നാൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനുമാണ് ഇന്ത്യൻ സർക്കാരിന്റെ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ.

US and Ukrainian Nationals Remanded in NIA Custody Over Terror Plot Against India

More Stories from this section

family-dental
witywide