
അമേരിക്കയുടെ നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോസഫ് കെന്റ് പദവി ഒഴിഞ്ഞു. ഇറാനുമായുള്ള യുദ്ധനയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നിലനിൽക്കുന്ന കടുത്ത അഭിപ്രായഭിന്നതയെത്തുടർന്നാണ് നാടകീയമായ ഈ രാജി. ഇറാനുമായുള്ള യുദ്ധം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, നിലവിലെ സാഹചര്യത്തിൽ ഇറാൻ അമേരിക്കയ്ക്ക് നേരിട്ട് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി. ഇറാൻ യുദ്ധം തുടങ്ങിയ ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്ന ഗൗരവകരമായ ആരോപണമാണ് ജോസഫ് കെന്റ് ഉന്നയിച്ചിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തി. മുൻപ് ഇറാഖ് യുദ്ധകാലത്ത് നൽകിയതുപോലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ വീണ്ടും ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട പഴയ തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കുന്ന സുരക്ഷാ ഏജൻസിയുടെ തലവൻ തന്നെ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത് ട്രംപിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇറാൻ ഒരു പ്രശ്നക്കാരനായിരുന്നില്ലെന്നും യുദ്ധം അടിച്ചേൽപ്പിച്ചതാണെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ വെളിപ്പെടുത്തിയത് ആഗോളതലത്തിലും ചർച്ചയായിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ ഇനി ആര് നേതൃത്വം നൽകും എന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
US Counter-Terrorism Chief Resigns Over Iran War; Slams Trump for Succumbing to Israeli Pressure










