സഖ്യകക്ഷികൾ സുരക്ഷ സ്വയം നോക്കണമെന്ന് യുഎസ്; ചൈനയെ നേരിടുന്നത് മുൻഗണനയില്ല

വാഷിങ്ടൺ: സഖ്യകക്ഷികൾ സുരക്ഷ സ്വയം നോക്കണമെന്ന് നിർദേശിക്കുന്ന യു.എസ്. പ്രതിരോധവകുപ്പിൻ്റെ ദേശീയ സൈനികതന്ത്രം വെള്ളിയാഴ്ച പുറത്തിറക്കി. 2022-നുശേഷം ഇപ്പോഴാണ് യു.എസ്. ഇങ്ങനെയൊരു രേഖയിറക്കുന്നത്. 32 പേജുള്ള രേഖയിൽ യൂറോപ്പുമുതൽ ഏഷ്യവരെവ്യാപിച്ചുകിടക്കുന്ന സഖ്യകക്ഷികൾക്ക് വിമർശനവുമുണ്ട്.

മുൻ യു.എസ്. സർക്കാരുകളെ ആശ്രയിച്ചുനിന്ന് സ്വന്തം സൈനികാവശ്യങ്ങൾ നിറവേറ്റിയെന്നതാണ് പ്രധാനവിമർശനം.അമേരിക്കക്കാരെയും അവരുടെ താത്പര്യങ്ങളെയും വർഷങ്ങളായി അവഗണിക്കുകയാണ് യു.എസ്. സർക്കാർ എന്നു പറഞ്ഞുകൊണ്ടാണ് രേഖ തുടങ്ങുന്നത്. എല്ലാകാര്യത്തിലും അമേരിക്കയെ ഒന്നാമതാക്കുക എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് രേഖ.

റഷ്യയും ഉത്തരകൊറിയയും ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളെ നേരിടേണ്ട ഭാരം ഇനി സഖ്യരാജ്യങ്ങൾ സ്വയം ഏറ്റെടുക്കണമെന്നും പറയുന്നുണ്ട്. ഗ്രീൻലൻഡിനെ യു.എസ്. വാങ്ങുന്നതിനെ അനുകൂലിക്കാത്തതിന്റെപേരിൽ യൂറോപ്യൻ സഖ്യകക്ഷികളും ട്രംപും തമ്മിൽ ശത്രുതയുടലെടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ പ്രതിരോധതന്ത്രമെത്തുന്നത്.

കാനഡ, മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും പങ്കാളിരാഷ്ട്രങ്ങൾ എന്നിവയുമായി സദുദ്ദേശ്യത്തോടെ ഇടപെടുമെന്ന് അതിൽ പറയുന്നു. പാനമ കനാൽ, ഗ്രീൻലൻഡ് എന്നിവിടങ്ങളിൽ യു.എസിന് പ്രവേശനം നേടിയെടുക്കുക എന്ന ലക്ഷ്യവും രേഖ പങ്കുവെക്കുന്നു. ചൈനയുമായി സുസ്ഥിരസമാധാനം, നീതിപൂർവമായ വ്യാപാരം, ആദരപൂർവമായ ബന്ധങ്ങൾ എന്നിവയാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നത്. ചൈനീസ് സേനയുമായി വിപുലമായ ആശയവിനിമയത്തിനും തയ്യാറാണ് എന്നും വ്യക്തമാക്കുന്നു.

US Defense Department asks allies to take care of their own security; confronting China not a priority