ട്രംപിൻ്റെ സമ്മർദ്ദം ഏശിയില്ല! പലിശ നിരക്ക് കുറയ്ക്കാതെ ഫെഡറൽ റിസർവ്; അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ പാതയിലെന്ന് ചെയർമാൻ ജെറോം പവൽ

വാഷിംഗ്ടൺ: ഈ വർഷത്തെ ആദ്യ യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ഫെഡറൽ റിസർവ് തീരുമാനിച്ചു. പലിശ നിരക്ക് 3.5% – 3.75% എന്ന പരിധിയിൽ തന്നെ തുടരും. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ചാ പാതയിലാണെന്നും തൊഴിലില്ലായ്മ നിരക്ക് സ്ഥിരത കൈവരിക്കുന്നുണ്ടെന്നും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി. എന്നാൽ വിലക്കയറ്റം ഇപ്പോഴും പൂർണ്ണമായും നിയന്ത്രണവിധേയമാകാത്തതിനാൽ കരുതൽ തുടരുമെന്ന് ബാങ്ക് സൂചിപ്പിച്ചു.

പണപ്പെരുപ്പം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് എത്തുന്നതിലെ മെല്ലെപ്പോക്കും, തൊഴിൽ വിപണിയിലെ സാഹചര്യങ്ങളുമാണ് നിരക്ക് കുറയ്ക്കാതെ നിലനിർത്താൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം അവസാനം തുടർച്ചയായി മൂന്ന് തവണ പലിശ നിരക്ക് കുറച്ചിരുന്നു.

പലിശ നിരക്ക് നിലനിർത്താനുള്ള തീരുമാനത്തിൽ സമിതിയിൽ ഭിന്നതയുണ്ടായിരുന്നു. കമ്മിറ്റിയിലെ 10 അംഗങ്ങൾ ഈ തീരുമാനത്തെ അനുകൂലിച്ചപ്പോൾ, സ്റ്റീഫൻ മിറാൻ, ക്രിസ്റ്റഫർ വാലർ എന്നീ രണ്ട് അംഗങ്ങൾ നിരക്ക് 0.25% കൂടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തി.വരാനിരിക്കുന്ന സാമ്പത്തിക വിവരങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ അടുത്ത പലിശ നിരക്ക് മാറ്റത്തെക്കുറിച്ച് ആലോചിക്കൂ എന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കി.

നിരക്ക് കുറയ്ക്കാൻ ട്രംപ് ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലും, ബുധനാഴ്ചത്തെ പോളിസി മീറ്റിംഗിൽ പലിശ നിരക്ക് സ്ഥിരമായി നിലനിർത്തുമെന്ന് വിപണി വിദഗ്ധർ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു.

US Federal Reserve leaves interest rates unchanged

More Stories from this section

family-dental
witywide