ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ ‘കടൽക്കരുത്ത്’; യുഎസ്എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയനിൽ! എബ്രഹാം ലിങ്കണ് പിന്നാലെ എത്തിയത് ഏറ്റവും വലിയ പടക്കപ്പൽ

ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, അമേരിക്കയുടെ സൈനിക കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് മെഡിറ്ററേനിയനിൽ ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സാഹസിക ദൗത്യത്തിന് ശേഷം മടങ്ങുകയായിരുന്ന കപ്പലിനെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് പശ്ചിമേഷ്യ ലക്ഷ്യമാക്കി വഴിതിരിച്ചുവിട്ടത്. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് കപ്പൽ നീങ്ങുന്നത് ഇറാന് നൽകുന്ന ശക്തമായ യുദ്ധമുന്നറിയിപ്പായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത പക്ഷം സൈനിക നടപടി അനിവാര്യമാണെന്ന സൂചനയാണ് രണ്ടാമതൊരു പടക്കപ്പലിനെ കൂടി വിന്യസിക്കുന്നതിലൂടെ ട്രംപ് ഭരണകൂടം നൽകുന്നത്. നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ ആക്രമണശേഷി ഇരട്ടിയാകും. ഇറാനുമായി ഒരു നയതന്ത്ര ധാരണയിലെത്താൻ സാധിച്ചാൽ മാത്രമേ കപ്പലിനെ പിൻവലിക്കൂ എന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരേസമയം 75-ഓളം വിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള ഈ കൂറ്റൻ കപ്പലിന്റെ സാന്നിധ്യം പേർഷ്യൻ കടലിടുക്കിലെ ശക്തിസമവാക്യങ്ങളെ അടിമുടി മാറ്റും. 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായാണ് ജെറാൾഡ് ഫോർഡ് എത്തുന്നത്. ഒമാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ഈ സേനാവിന്യാസം ഇറാനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ഈ നീക്കത്തോട് ഇറാൻ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയിലെ വരുംദിവസങ്ങളിലെ സമാധാനം.

US Flexes Military Muscle: World’s Largest Warship USS Gerald Ford Nears Iran Frontier Amid Tensions

More Stories from this section

family-dental
witywide