
യുഎസിലെ ഡൈവേഴ്സിറ്റി വിസ (DV) ലോട്ടറിയുടെ 2027 വർഷത്തെ രജിസ്ട്രേഷൻ പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടത്തോട് നിർദേശിച്ച് ഫെഡറൽ കോടതി. രജിസ്ട്രേഷൻ തീയതികൾ പ്രഖ്യാപിച്ച് 30 ദിവസത്തെ ഓൺലൈൻ അപേക്ഷാ സൗകര്യം ഒരുക്കണമെന്ന് ജഡ്ജി ജിൻസൂക് ഓട്ട ഒക്ടോബർ 14ന് ഉത്തരവിട്ടു.
നിശ്ചിത സമയത്ത് രജിസ്ട്രേഷൻ ആരംഭിക്കാത്തതിനെതിരെ കാലിഫോർണിയ ആസ്ഥാനമായ റെഡ് ഈഗിൾ ലോ നൽകിയ ഹർജിയിലാണ് നടപടി. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ അറിയിച്ച് ചട്ടങ്ങൾ അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചതായി കോർട്ട്ഹൗസ് ന്യൂസ് സർവീസ് റിപ്പോർട്ട് ചെയ്തു.
ഡൈവേഴ്സിറ്റി വിസ പദ്ധതിയിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം കുറഞ്ഞ രാജ്യങ്ങളിലെ യോഗ്യരായ അപേക്ഷകർക്ക് പ്രതിവർഷം 55,000 വരെ വിസകൾ അനുവദിക്കുന്നുണ്ട്. എന്നാൽ ലോട്ടറിയിൽ തിരഞ്ഞെടുക്കപ്പെടുന്നത് വിസ ഉറപ്പാക്കുന്നില്ല; വിദ്യാഭ്യാസമോ തൊഴിൽപരിചയമോ സംബന്ധിച്ച യോഗ്യതകളും മറ്റ് നിബന്ധനകളും പാലിക്കണം.
അതേസമയം, പരിശോധനാ നടപടികൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ഡൈവേഴ്സിറ്റി വിസകൾ അനുവദിക്കുന്നത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. അതിനാൽ രജിസ്ട്രേഷൻ പുനരാരംഭിക്കാനുള്ള കോടതി ഉത്തരവ് വിസ വിതരണം കൂടി പുനരാരംഭിച്ചെന്നർഥമില്ല.
രജിസ്ട്രേഷൻ തീയതികളും അപേക്ഷാ നിർദേശങ്ങളും അറിയാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അപേക്ഷകർക്ക് നിർദേശമുണ്ട്.
US Green Card lottery: Judge orders Trump administration to reopen Diversity Visa 2027 registration














