അമേരിക്കൻ വിസ അപ്പോയിന്റ്മെന്റുകളിൽ ഉണ്ടാകുന്ന നീണ്ട വൈകിപ്പിക്കൽ മൂലം നിരവധി ഇന്ത്യൻ കുടിയേറ്റക്കാർക്ക് വേദനാജനകമായ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കുകയാണ്. ഇതിനാൽ തന്നെ അമേരിക്കയിലെ ഇന്ത്യക്കാർക്ക് കുടുംബത്തിലെ പ്രധാന ചടങ്ങുകൾ പോലും നഷ്ടപ്പെടുത്തേണ്ടി വരുന്ന സാഹചര്യമാണിത്. സിയാറ്റിലിൽ താമസിക്കുന്ന ഒരു H-4 വിസധാരി, കഴിഞ്ഞ മാസം ഇന്ത്യയിൽ നടന്ന ഏക സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസ വൈകിപ്പിക്കൽ കാരണം സാധിക്കാതിരുന്ന അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ചു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെ അവർ അമേരിക്കയിലെ സ്വന്തം വീട്ടിൽ നിന്നാണ് വിവാഹച്ചടങ്ങ് ഓൺലൈനായി കണ്ടത്. പിന്നീട് ഫോൺ വിളിച്ച് ദമ്പതികളെ ആശംസിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഇന്ത്യയിൽ നടന്ന എന്റെ ഏക സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ ഫോൺ വഴിയാണ് ആശംസകൾ അറിയിച്ചത് എന്ന് അവർ ദി അമേരിക്കൻ ബസാർ എന്ന മാധ്യമത്തോട് പറഞ്ഞു.
സിയാറ്റിലിലെ തണുത്ത ഒരു പ്രഭാതത്തിൽ, കുട്ടികളുടെ സ്കൂൾ ലഞ്ച് പാക്ക് ചെയ്യുന്നതുപോലുള്ള ദിവസേനയുള്ള ജോലികൾ ചെയ്യുന്നതിനിടയിലാണ് ഞാൻ കണ്ണീരോടെ വിവാഹച്ചടങ്ങിന്റെ ലൈവ് സ്ട്രീം കണ്ടത്. അപ്പോൾ എന്റെ സഹോദരൻ വിവാഹവാഗ്ദാനം ചൊല്ലുകയായിരുന്നുവെന്നും അവർ പറഞ്ഞു.വേദന വളരെ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ വിസ അപ്പോയിന്റ്മെന്റിനെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഇന്ത്യയിലേക്ക് പോകുന്നത്, നമ്മുടെ ജീവിതത്തിൽ കൂടുതൽ അനിശ്ചിതത്വങ്ങൾ ക്ഷണിക്കുന്നതിനു തുല്യമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ അനുഭവം ജോലി വിസയിൽ അമേരിക്കയിലേക്ക് കുടിയേറി സ്ഥിരതയുള്ള കരിയറും ജീവിതവും കെട്ടിപടുക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിചിതമാണ്. വിസ വൈകിപ്പിക്കൽ, ബാക്ക്‌ലോഗുകൾ, വ്യക്തതയില്ലാത്ത സമയക്രമങ്ങൾ എന്നിവ കാരണം കുടുംബബാധ്യതകളും അമേരിക്കയിലേക്ക് മടങ്ങാൻ കഴിയുമോ എന്ന ആശങ്കയും തമ്മിൽ അവർ കുടുങ്ങിക്കിടക്കുകയാണ്.
ഇമിഗ്രേഷൻ അറ്റോർണി ഓഫീസറായ ജ്ഞാനമൂകനൻ സെന്തൂർജോത്തി, H-4, H-1B വിസകളിലുള്ളവർ പ്രായോഗിക സമീപനം സ്വീകരിച്ച് കരിയറിന് മുൻഗണന നൽകണമെന്ന് നിർദേശിച്ചു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ, കുടുംബത്തിലെ വേദനാജനകമായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട ശക്തമായ വികാരങ്ങളും അമേരിക്കയിലെ സ്റ്റാറ്റസും കരിയറും സംരക്ഷിക്കേണ്ട പ്രായോഗിക ആവശ്യകതകളും തമ്മിലുള്ള വലിയ സംഘർഷമാണ് സൃഷ്ടിക്കുന്നത്. എന്നിരുന്നാലും, ഒരു ഇമിഗ്രേഷൻ അഭിഭാഷകനെന്ന നിലയിൽ, ഇപ്പോൾ വിദേശത്തേക്ക് യാത്ര ചെയ്യാൻ ഞാൻ ഉപദേശിക്കില്ല. ഉടൻ തന്നെ അമേരിക്കയിലേക്ക് മടങ്ങാനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശയാത്രയ്ക്ക് ഗുരുതരമായ സാമ്പത്തികവും തൊഴിൽപരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയിലേക്ക് പോയ ശേഷം വിവിധ കാരണങ്ങളാൽ ആഴ്ചകളോ മാസങ്ങളോ അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യങ്ങൾ ഞങ്ങൾ കേൾക്കുന്നുണ്ട്. ആ സമയത്തിനുള്ളിൽ പലർക്കും ജോലി പോലും നഷ്ടപ്പെടുന്നു. പിന്നീട് തൊഴിൽദാതാക്കളെ മാറ്റുന്നത് ചെലവേറിയ കാര്യമാണെന്നും മറ്റൊരു തൊഴിൽദാതാവിലൂടെ പുതിയ പെറ്റിഷൻ ഫയൽ ചെയ്യേണ്ടിവന്നാൽ ഏകദേശം ഒരു ലക്ഷം ഡോളർ ഫീസ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
US H-4 visa holder in Seattle shares pain of delays, says she Missed brother’s wedding in India.














