സാൻ ഫ്രാൻസിസ്കോ: ആറ് അടി ഉയരമുള്ള ഹ്യൂമനോയ്ഡ് റോബോട്ടും മനുഷ്യനും തമ്മിലുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ വൈറൽ. സാൻ ഫ്രാൻസിസ്കോയിലാണ് ‘മനുഷ്യൻ vs ടെർമിനേറ്റർ’ എന്ന പേരിൽ വ്യത്യസ്തമായ പോരാട്ടം നടന്നത്. യുഎസ് റോബോട്ടിക്സ് കമ്പനിയായ REK ആണ് മത്സരം സംഘടിപ്പിച്ചത്.
വിദൂരമായി നിയന്ത്രിക്കാവുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകളെ ഉപയോഗിച്ചുള്ള വെർച്വൽ റിയാലിറ്റി കോംബാറ്റ് ഗെയിമിന്റെ ഭാഗമായാണ് പരീക്ഷണ പോരാട്ടം നടത്തിയത്. ഇൻഫ്ലുവൻസറും കണ്ടന്റ് ക്രിയേറ്ററുമായ ഫ്രാങ്കി ലാപെന്നയാണ് റോബോട്ടിനെ നേരിട്ടത്.
പോരാട്ടത്തിന് മുമ്പ് റിങ്ങിൽ ചുറ്റിനടന്ന് തയ്യാറെടുക്കുന്ന റോബോട്ടിനെയും ദൃശ്യങ്ങളിൽ കാണാം. മത്സരം ആരംഭിച്ചതോടെ ലാപെന്ന റോബോട്ടിന് നേരെ തുടർച്ചയായി പഞ്ചുകൾ എറിഞ്ഞു. റോബോട്ടും ശക്തമായ പഞ്ചുകളും കിക്കുകളും ഉപയോഗിച്ച് തിരിച്ചടിച്ചു.
റോബോട്ടിന്റെ ചില കിക്കുകളുടെ ശക്തിയിൽ ലാപെന്ന റിങ്ങിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് തെറിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. മനുഷ്യനെപ്പോലെ വേഗത്തിൽ ചലിക്കാനും ശക്തമായി പ്രഹരിക്കാനും റോബോട്ടിന് കഴിയുന്നതാണ് വീഡിയോയിൽ ശ്രദ്ധേയമായത്.
മനുഷ്യനും ഹ്യൂമനോയ്ഡ് റോബോട്ടും തമ്മിലുള്ള തങ്ങളുടെ ആദ്യ പോരാട്ടമാണിതെന്ന് REK അറിയിച്ചു. മത്സരത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി.
“മനുഷ്യനും ടെർമിനേറ്റർ റോബോട്ടും തമ്മിലുള്ള ആദ്യ പോരാട്ടത്തിലൂടെ ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു. ഫ്രാങ്കി ലാപെന്ന തന്റെ പരമാവധി ശ്രമിച്ചു,” എന്ന കുറിപ്പോടെയാണ് കമ്പനി വീഡിയോ എക്സിൽ പങ്കുവെച്ചത്.
വീഡിയോ പുറത്തുവന്നതോടെ ഭാവിയിൽ മനുഷ്യർ നിയന്ത്രിക്കുന്ന റോബോട്ടുകൾ പ്രൊഫഷണൽ പോരാട്ട കായിക ഇനങ്ങളുടെ ഭാഗമാകുമോ എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായി. ഒരു പ്രൊഫഷണൽ പോരാളിക്ക് റോബോട്ടിനെതിരെ കൂടുതൽ മികച്ച പ്രകടനം നടത്താനാകുമെന്നായിരുന്നു ചിലരുടെ അഭിപ്രായം.
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള പോരാട്ടങ്ങൾ യുഎഫ്സിയിലും എത്തിയേക്കാമെന്നും ചിലർ പ്രതികരിച്ചു. ഹ്യൂമനോയ്ഡ് റോബോട്ടിന്റെ ആക്രമണാത്മക പെരുമാറ്റം ‘ടെർമിനേറ്റർ’ സിനിമകളുമായി താരതമ്യം ചെയ്യപ്പെടുന്നത് ഇതാദ്യമല്ല.
നേരത്തെ ഒരു ഇലക്ട്രോണിക്സ് കടയിൽ ഉപഭോക്താവ് തള്ളിയതിന് പിന്നാലെ റോബോട്ട് ഇയാളുടെ അടുത്തേക്ക് നീങ്ങുകയും കിക്ക് ചെയ്യാൻ ശ്രമിക്കുന്നതായി തോന്നുകയും ചെയ്ത ദൃശ്യങ്ങളും വൈറലായിരുന്നു. ജീവനക്കാർ ഇടപെട്ട് റോബോട്ട് ഓഫ് ചെയ്യുകയായിരുന്നു.
US Influencer Fights 6-Foot Robot In World’s First ‘Human Vs Terminator’ Match











