
വാഷിംഗ്ടൺ/ടെഹ്‌റാൻ: ആഴ്ചകൾ നീണ്ടുനിന്ന കനത്ത സൈനിക സംഘർഷത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും വെടിനിർത്തലിന് ധാരണയായി. ഇന്ത്യൻ സമയം ഏപ്രിൽ 8-ന് രാവിലെയാണ് ഇരുരാജ്യങ്ങളും സമാധാന പാതയിലേക്ക് നീങ്ങുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ഈ വെടിനിർത്തലിനെ തങ്ങളുടെ ചരിത്രപരമായ വിജയമായാണ് ഇരുരാജ്യങ്ങളും വിശേഷിപ്പിക്കുന്നത്.
ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസ് വിജയം അവകാശപ്പെട്ടു. ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അമേരിക്ക ഇതിനെ തങ്ങളുടെ വിജയമായിട്ടാണ് കാണുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്: “ഇത് അമേരിക്കയുടെ വിജയമാണ്. പ്രസിഡൻ്റ് ട്രംപും നമ്മുടെ കരുത്തുറ്റ സൈന്യവുമാണ് ഇത് സാധ്യമാക്കിയത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ നാല് മുതൽ ആറ് ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഒന്നായിരിക്കുമെന്ന് പ്രസിഡൻ്റ് തുടക്കത്തിലേ പറഞ്ഞിരുന്നുവെന്ന് ലെവിറ്റ് ഓർമ്മിപ്പിച്ചു. ലക്ഷ്യമിട്ട സൈനിക നീക്കങ്ങൾ 38 ദിവസത്തിനുള്ളിൽ അമേരിക്ക പൂർത്തിയാക്കിയതായും അവർ അവകാശപ്പെട്ടു.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ബുധനാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ലെവിറ്റ് അറിയിച്ചു. “നമ്മുടെ സൈന്യത്തിൻ്റെ വിജയം പ്രസിഡൻ്റ് ട്രംപിനും സംഘത്തിനും ചർച്ചകളിൽ വലിയ മേധാവിത്വം നൽകി. കഠിനമായ ചർച്ചകളിലൂടെ നയതന്ത്ര പരിഹാരത്തിനും ദീർഘകാല സമാധാനത്തിനുമുള്ള വഴി തുറക്കാൻ ഇതിലൂടെ സാധിച്ചു,” അവർ കൂട്ടിച്ചേർത്തു.
അതേസമയം, ശത്രുവിനെ തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ നിർബന്ധിതരാക്കിയതിലൂടെ വലിയ വിജയമാണ് തങ്ങൾ കൈവരിച്ചതെന്ന് ഇറാൻ പ്രഖ്യാപിച്ചു. തങ്ങൾ മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് സമാധാന ധാരണയിലെത്തിയതെന്നും, അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാൻ കഴിഞ്ഞുവെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (SNSCI) പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ യുദ്ധത്തിൽ ഇറാൻ തങ്ങളുടെ ലക്ഷ്യങ്ങളെല്ലാം തന്നെ ഏതാണ്ട് കൈവരിച്ചുവെന്നും ശത്രുക്കൾ ചരിത്രപരമായ പരാജയമാണ് നേരിടുന്നതെന്നും അവകാശപ്പെടുന്നു.
ഇറാൻ സ്വയം വിജയികളായി ഭാവിക്കുമ്പോഴും പൊള്ളുന്ന മറ്റൊരു പ്രധാന വസ്‌തുത കൂടി ഇറാനെ പിന്തുടരുന്നുണ്ട്. അതായത്, ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ പരമോന്നത നേതാവ് അലി ഖമേനിയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) മുതിർന്ന ജനറൽമാരും കൊല്ലപ്പെട്ടത് അവർക്ക് വലിയ തിരിച്ചടി തന്നെയാണ്. അതായത് ഭരണകൂടത്തിൻ്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ ഒരു യുദ്ധമായിരുന്നു ഇത്. അതിനാൽ തന്നെ അമേരിക്കയോടും ഇസ്രായേലിനോടും 30 ദിവസത്തിലധികം നീണ്ടുനിന്ന ഈ യുദ്ധത്തെ അതിജീവിക്കാൻ കഴിഞ്ഞു എന്നതിനെയാണ് അവർ വലിയ വിജയമായി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇറാൻ ഗവൺമെൻ്റും അവിടുത്തെ ഔദ്യോഗിക മാധ്യമങ്ങളും നിലവിലെ സാഹചര്യത്തെ ഭരണകൂടത്തിൻ്റെ വലിയൊരു വിജയമായി ചിത്രീകരിക്കുന്നത്.
“ഇറാന്റെ നിബന്ധനകൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു എന്നും, ഇറാൻ വിരുദ്ധ നിലപാടുകളിൽ നിന്നുള്ള ട്രംപിൻ്റെ നാണംകെട്ട പിന്മാറ്റം” എന്നും മാധ്യമങ്ങൾ വെടിനിർത്തൽ ധാരണയെ വിശേഷിപ്പിക്കുന്നു.
മേഖലയിലെ സമാധാനം നിലനിർത്താൻ അറബ് രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹവും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിലെ ചർച്ചകൾ മാത്രമേ സംഘർഷത്തിന് ശാശ്വത പരിഹാരമാകുമോ എന്ന് ഉറപ്പിക്കൂ.
US-Iran ceasefire: Both sides claim victory













