വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പാകിസ്‌താനിൽ പുരോഗമിക്കുന്നതിനിടെ, ഇരുരാജ്യങ്ങളും കരാറിലെത്തുമോ എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ യുദ്ധത്തിൽ അമേരിക്ക ഇതിനോടകം തന്നെ വിജയിച്ചു കഴിഞ്ഞുവെന്ന അവകാശവാദം ട്രംപ് വീണ്ടും ആവർത്തിച്ചു.
ഞങ്ങൾ ഇറാനുമായി ഗൗരവമായ ചർച്ചകളിലാണ്. അതിന്റെ ഫലം എന്തുതന്നെയായാലും വിജയം ഞങ്ങൾക്കാണ്. സൈനികമായി ഞങ്ങൾ അവരെ പരാജയപ്പെടുത്തി കഴിഞ്ഞു. ഇനി ഒരു കരാർ ഉണ്ടായാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല. വ്യാജ വാർത്തകൾ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ ജയിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവം എന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കിഇറാന്റെ നാവികസേനയെയും വ്യോമസേനയെയും റഡാർ സംവിധാനങ്ങളെയും അമേരിക്ക തകർത്തുവെന്നും അവരുടെ നേതാക്കളെ വധിച്ചുവെന്നും ട്രംപ് പറഞ്ഞു.
ഇപ്പോൾ ഞങ്ങൾ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുകയാണ്. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലെങ്കിൽ പോലും, അത് ഉപയോഗിക്കുന്ന മറ്റ് പല രാജ്യങ്ങളുമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.നേരത്തെ ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അമേരിക്കൻ സൈന്യം പറഞ്ഞിരുന്നു.
ഹോർമുസിലെ കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഏപ്രിൽ 11-ന് അമേരിക്കൻ സൈനികർ ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡാണ് വ്യക്തമാക്കിയത്. എന്നാൽ, അമേരിക്കയുടെ ഈ നീക്കത്തോട് ഇറാന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.
US-Iran peace talks; Trump says it doesn’t matter if there is a deal or not, victory will be theirs no matter what the outcome of the talks









