‘ട്രംപ് പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യൻ, കാത്തിരുന്ന് കാണുക’; ഇറാനിൽ യുദ്ധ ഭീതി പരത്തി അജ്ഞാത ഫോൺ സന്ദേശങ്ങൾ

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം അതിരൂക്ഷമായ സാഹചര്യത്തിൽ, ഇറാനിലെ ആയിരക്കണക്കിന് ജനങ്ങൾക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശങ്ങൾ വലിയ യുദ്ധഭീതി പരത്തുന്നു. ‘യുഎസ് പ്രസിഡന്റ് ട്രംപ് പ്രവർത്തനങ്ങളിൽ വിശ്വസിക്കുന്ന മനുഷ്യനാണ്, കാത്തിരുന്ന് കാണുക’ എന്ന പേർഷ്യൻ ഭാഷയിലുള്ള സന്ദേശമാണ് ജനങ്ങളുടെ മൊബൈലുകളിലേക്ക് എത്തിയത്. 15 ദിവസത്തിനകം ആണവ കരാറിൽ അന്തിമ തീരുമാനമായില്ലെങ്കിൽ ഇറാനുമേൽ പരിമിതമായ സൈനിക ആക്രമണം നടത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ രഹസ്യ സന്ദേശങ്ങൾ പ്രചരിക്കുന്നത്.

യുദ്ധസാധ്യത കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. എപ്പോഴും തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണമെന്നും ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ സ്വീഡൻ, സെർബിയ, പോളണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. ലബനനിലെ യുഎസ് എംബസി തങ്ങളുടെ ജീവനക്കാരെ ഇതിനകം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

അതേസമയം, രാജ്യത്തിനകത്ത് സർവകലാശാലകൾ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ഭരണവിരുദ്ധ പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്. ഏത് ആക്രമണത്തെയും പ്രതിരോധിക്കുമെന്ന് ഇറാൻ സൈന്യം അവകാശപ്പെടുമ്പോഴും, നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം ഒഴിവാക്കാനാണ് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ശ്രമിക്കുന്നത്. വ്യാഴാഴ്ച ജനീവയിൽ നിർണ്ണായകമായ ചർച്ചകൾ നടക്കാനിരിക്കെ, മധ്യസ്ഥർ മുഖേന പുതിയ കരാർ നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ഇറാന്റെ നീക്കം.

US-Iran Tensions: Anonymous Messages Spark War Fear; India Issues Urgent Travel Advisory for Citizens

More Stories from this section

family-dental
witywide