
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടാൻ നീക്കം നടത്തുന്ന പശ്ചാത്തലത്തിൽ പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അടിയന്തര യോഗം വിളിച്ചു. ഇറാനിലെ നിലവിലെ അസ്ഥിരത പാകിസ്താനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സൈനിക നേതൃത്വം. ഐഎസ്ഐ മേധാവി മേജർ ജനറൽ അസിം മാലിക് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ അതിർത്തിയിലെ സുരക്ഷാ സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി.
അഫ്ഗാനിസ്താനുമായുള്ള അതിർത്തിയിൽ നിലവിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ അതിർത്തി കൂടി അസ്ഥിരമായാൽ അത് താങ്ങാൻ പാകിസ്താന് കഴിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇറാന്റെ ഭരണകൂടം തകരുകയോ അവിടെ വിദേശ ഇടപെടൽ ഉണ്ടാവുകയോ ചെയ്താൽ അതിർത്തി വഴിയുള്ള അഭയാർത്ഥി പ്രവാഹവും ഭീകര സംഘടനകളുടെ നീക്കങ്ങളും വർധിക്കാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തെ ക്രമസമാധാന നിലയെ ഗുരുതരമായി ബാധിക്കുമെന്നും സൈന്യം ഭയപ്പെടുന്നു.
അമേരിക്ക ഇറാനെതിരെ സൈനിക നീക്കം നടത്തുകയാണെങ്കിൽ പാകിസ്താന്റെ വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ആവശ്യപ്പെട്ടേക്കാം എന്ന റിപ്പോർട്ടുകൾ പാകിസ്താനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ട്രംപിന്റെ ഇത്തരം ആവശ്യങ്ങൾ നിരസിക്കുന്നത് അമേരിക്കയുമായി മെച്ചപ്പെട്ടുവരുന്ന ബന്ധത്തെ ബാധിക്കും. എന്നാൽ സഹായം നൽകുന്നത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ഭരണകൂടത്തിന് എതിരാക്കുകയും ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ പാകിസ്താൻ ഒറ്റപ്പെടാൻ കാരണമാവുകയും ചെയ്യും.
പാകിസ്താനിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ഷിയാ വിഭാഗക്കാർക്ക് ഇറാനോടുള്ള ആഭിമുഖ്യം രാജ്യത്തിനകത്ത് ആഭ്യന്തര ലഹളകൾക്ക് കാരണമായേക്കാമെന്നും യോഗം വിലയിരുത്തി. ഇറാനെതിരായ ഏതൊരു നീക്കവും പാകിസ്താനിലെ ഷിയാ-സുന്നി സമവാക്യങ്ങളെ ബാധിക്കാനും വ്യാപകമായ പ്രതിഷേധങ്ങൾക്കും വഴിവെക്കും. വർധിച്ചുവരുന്ന സാമ്പത്തിക തകർച്ചയ്ക്കും ഭീകരാക്രമണങ്ങൾക്കും ഇടയിൽ പുതിയൊരു ആഭ്യന്തര പ്രശ്നം കൂടി കൈകാര്യം ചെയ്യുക എന്നത് പാക് സൈന്യത്തിന് വെല്ലുവിളിയാണ്.
സാഹചര്യം സങ്കീർണ്ണമായതോടെ ഇറാൻ, സൗദി അറേബ്യ, യുഎഇ, തുർക്കി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായി നയതന്ത്ര ചർച്ചകൾ ശക്തമാക്കാൻ അസിം മുനീർ ഐഎസ്ഐ മേധാവിയെ ചുമതലപ്പെടുത്തി. മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും അതിർത്തികളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.















