അമേരിക്ക–ഇസ്രായേൽ സംയുക്ത ആക്രമണവും ഇറാൻ്റെ തിരിച്ചടിയും തമ്മിലുള്ള യുദ്ധത്തിൽ റഷ്യ ഇറാനെ കുറച്ചെങ്കിലും സഹായിക്കുന്നുണ്ടാകാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ളാഡമിർ പുടിൻ ഇറാനെ കുറച്ചെങ്കിലും സഹായിക്കുന്നുണ്ടാകാമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു.
അതേസമയം റഷ്യയ്‌ക്കെതിരെ യുദ്ധം നടത്തുന്ന യുക്രൈൻ സൈന്യത്തെയും അമേരിക്ക സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.ചില അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, മിഡിൽ ഈസ്റ്റിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികരുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ റഷ്യ ഇറാനുമായി പങ്കുവയ്ക്കുന്നുണ്ടെന്നാണ് ആരോപണം. ഇത് ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് സഹായകരമായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ മിഡിൽ ഈസ്റ്റ് വിഷയങ്ങളിലെ അമേരിക്കൻ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ് വ്യാഴാഴ്ച പറഞ്ഞത്, ഇറാൻ സർക്കാരിന് രഹസ്യവിവരങ്ങൾ നൽകുന്നില്ലെന്ന് റഷ്യൻ സർക്കാർ ട്രംപ് ഭരണകൂടത്തോട് ഉറപ്പ് നൽകിയെന്നാണ്. റഷ്യ രഹസ്യവിവരങ്ങൾ ഇറാനുമായി പങ്കിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു: “അദ്ദേഹം (പുടിൻ) അവരെ കുറച്ചെങ്കിലും സഹായിക്കുന്നുണ്ടാകാം.” എന്നാണ്. “നാം യുക്രെെയ്നിനെ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടാവും. അവർ അത് ചെയ്യുന്നു, ഞങ്ങളും അത് ചെയ്യുന്നു,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ഉദ്യോഗസ്ഥരെയും മുൻ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഇറാനുമായി പങ്കുവയ്ക്കുന്ന വിവരങ്ങളിൽ അമേരിക്കൻ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും കൃത്യമായ കോഓർഡിനേറ്റുകളും ഉൾപ്പെടുന്നു. ഇത് ഇറാനെ ലക്ഷ്യം കണ്ടെത്താൻ സഹായിക്കാമെന്നാണ് റിപ്പോർട്ട്. ഇറാനിന് സ്വന്തം ഉപഗ്രഹ ശേഷി പരിമിതമായതിനാൽ റഷ്യൻ ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഇറാന്റെ രഹസ്യവിവര ശേഖരണത്തിലെ വലിയ കുറവ് നികത്താൻ സഹായിക്കാമെന്നാണ് വിലയിരുത്തൽ.
ഇതിനുമുമ്പ് ഈ വിഷയത്തിന്റെ പ്രാധാന്യം ട്രംപ് കുറച്ച് കാണിച്ചിരുന്നു. മാർച്ച് 7-ന് എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ “അവർ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ പോലും അവർ നല്ല രീതിയിൽ ചെയ്യുന്നതായി തോന്നുന്നില്ല. ഇറാൻ ഇപ്പോൾ നല്ല നിലയിലല്ല” എന്നാണ് ട്രംപ് പറഞ്ഞത്.യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ എണ്ണവില ഉയരുന്നത് നിയന്ത്രിക്കാൻ ശ്രമിക്കുന്ന ട്രംപ് ഭരണകൂടം റഷ്യൻ എണ്ണയ്‌ക്കെതിരായ ചില ഉപരോധങ്ങൾ താൽക്കാലികമായി ഇളവ് നൽകിയതിന് പിന്നാലെയാണ് ഈ പരാമർശം. ആദ്യത്തിൽ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത് ഈ ഹ്രസ്വകാല നടപടി മോസ്‌കോയ്ക്ക് വലിയ സാമ്പത്തിക നേട്ടം നൽകില്ലെന്നാണ്. എന്നാൽ പിന്നീട് Sky News-നോട് സംസാരിക്കുമ്പോൾ അത് “ഒഴിവാക്കാനാകാത്തതും ദൗർഭാഗ്യകരവുമായ നടപടിയാണ്” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുക്രെയ്ന്‍ യുദ്ധത്തിൽ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും എണ്ണ–വാതക സൗകര്യങ്ങളെയും ലക്ഷ്യമിടാൻ അമേരിക്കൻ രഹസ്യവിവരങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അമേരിക്കയും യുക്രെയ്നും തമ്മിലുള്ള കടുത്ത ചർച്ചകൾക്ക് പിന്നാലെ കഴിഞ്ഞ വർഷം മാർച്ചിൽ ആ സഹായം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
US-Iran war; Putin may be helping Iran – Donald Trump










