ഇറാനെതിരെ അമേരിക്ക – ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ വധിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇസ്രയേൽ. ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഖമനേയിയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ കൃത്യമായ മിസൈൽ ആക്രമണത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന( ഐഡിഎഫ്) പ്രസ്‌താവനയിൽ അറിയിച്ചു.
ഖമനേയി വധിക്കപ്പെട്ടത് പതിറ്റാണ്ടുകൾ നീണ്ട ‘ഭീകര ഭരണത്തിന്റെ’ അവസാനമാണെന്ന് ഇസ്രായേൽ വിശേഷിപ്പിച്ചു. ഇസ്രയേലിനെ നശിപ്പിക്കാനുള്ള പദ്ധതികളുടെ മുഖ്യ സൂത്രധാരനും മേഖലയിലെ ഭീകര ഗ്രൂപ്പുകളുടെ നേതാവുമാണ് ഖമേനിയെന്ന് ഐഡിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേൽ അവകാശപ്പെട്ടു.
ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാൻ ആവശ്യപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശമിറക്കി. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുതെന്ന് അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനംചെയ്തു. അടിച്ചമർത്തലിൻ്റെ ചങ്ങലകളിൽനിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങൾ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പേർഷ്യൻ, കുർദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്നും വരുംദിവസങ്ങളിൽ ഇറാന്റെ ഭരണകൂട കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് ലക്ഷ്യങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും നെതന്യാഹു വ്യക്തമാക്കി.
US-Israel joint attack; Israel claims it killed Khamenei













