
അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ തെക്കൻ ഇറാനിലെ സ്കൂളിൽ മിസൈൽ പതിച്ച് 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഇറാൻ ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം ക്രൂരമാണെന്നും ശത്രുക്കൾക്ക് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി. രാവിലെ ഇറാൻ നടത്തിയ തിരിച്ചടിക്ക് മറുപടിയായി അമേരിക്കയും ഇസ്രയേലും ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യ പൂർണ്ണമായും യുദ്ധക്കളമായി മാറിയിരിക്കുകയാണ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ്, പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതി എന്നിവ ലക്ഷ്യമിട്ടും ആക്രമണ ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. മുൻ പ്രസിഡന്റ് അഹ്മദി നജാദിനെ വധിക്കാനും ഇസ്രയേൽ പദ്ധതിയിട്ടതായി സൂചനകളുണ്ട്. യുദ്ധം ഒഴിവാക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ സിവിലിയൻമാരെയും ഭരണനേതൃത്വത്തെയും ലക്ഷ്യം വെക്കുന്നതോടെ അതിശക്തമായ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ടെഹ്റാൻ അറിയിച്ചു.
യുദ്ധം ഇറാനിലും ഇസ്രയേലിലും ഒതുങ്ങാതെ യുഎഇ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. അബുദാബിയിലും ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിലും ഇതിനോടകം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. വരും മണിക്കൂറുകളിൽ കൂടുതൽ വിനാശകരമായ സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന ഭീതിയിൽ പ്രവാസി മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ആളുകൾ അതീവ ജാഗ്രതയിലാണ്.
US-Israel Missile Hits Iranian School, Killing 5 Girls; Iran Vows Fierce Retaliation










