
ടെഹ്‌റാൻ: ഇറാൻ്റെ കരുത്തുറ്റ രണ്ട് പ്രധാന ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ യുഎസും ഇസ്രായേലും സംയുക്തമായി വ്യോമാക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെയാണ് ഇറാൻ്റെ വൈദ്യുതി, ഊർജ്ജോൽപാദന മേഖലകളെ ലക്ഷ്യമിട്ട് ഈ നീക്കം ഉണ്ടായിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നേരത്തെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എന്നാൽ, പിന്നീട് തൻ്റെ നിലപാടിൽ മാറ്റം വരുത്തിയ ട്രംപ്, ഇറാനിലെ വൈദ്യുതി നിലയങ്ങൾക്കും ഊർജ്ജോൽപാദന കേന്ദ്രങ്ങൾക്കുമെതിരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ട്രംപിൻ്റെ ഈ പ്രഖ്യാപനം നിലനിൽക്കെത്തന്നെയാണ് ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നത്. ഇസ്രായേൽ വ്യോമസേനയും അമേരിക്കൻ സൈന്യവും സംയുക്തമായാണ് ഈ ദൗത്യം നിർവഹിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തെത്തുടർന്ന് ഇറാന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള നീക്കത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന ഈ നീക്കം എണ്ണവിലയെയും ആഗോള വിപണിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, ഇസ്രയേലോ യുഎസോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതിനിടെ കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇതു സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായി നിലയ്ക്കും
US-Israeli airstrikes on Iran’s energy facilities; move follows Trump’s ultimatum















