
ടെഹ്റാൻ : അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ജല, വൈദ്യുതി വിതരണ സംവിധാനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇറാൻ്റെ ഊർജ്ജ മന്ത്രി അബ്ബാസ് അലിയാബാദി അറിയിച്ചു.
ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജലവും വൈദ്യുതിയും ഉപയോഗിക്കുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ബോംബാക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. തെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തെ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം മരിച്ചവരുടെ എണ്ണം 1,000 കടന്നതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 6,000-ത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഇസ്രയേലിലെ ടെൽ അവീവ്, ജറുസലേം തുടങ്ങിയ നഗരങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തി. കൂടാതെ, ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്.
US-Israeli attack on Iran’s energy sector; water and electricity supplies disrupted















