ന്യൂയോർക്ക് നഗരത്തിലെ കുടിയേറ്റ നയങ്ങൾ; റദ്ദാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം തള്ളി കോടതി

ന്യൂയോർക്ക് നഗരത്തിലെ കുടിയേറ്റ സംരക്ഷണ നയങ്ങൾ റദ്ദാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം ഫെഡറൽ കോടതി തള്ളി. ഫെഡറൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാൻ പ്രാദേശിക ഭരണകൂടങ്ങളുടെ ജീവനക്കാരെയും വിഭവങ്ങളെയും നിർബന്ധിച്ച് ഉപയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. യുഎസ് ജില്ലാ ജഡ്ജി റാമോൺ ഇ. റെയ്സ് ജൂനിയർ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി സ്വാഗതം ചെയ്തു. കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ പേരിൽ നഗരവാസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് നഗരത്തിലെ പൊതുഉദ്യോഗസ്ഥരെ നാടുകടത്തൽ നടപടികൾക്കായി നിയോഗിക്കാനും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐസിഇ) നടപടികൾക്കായി നഗരത്തിന്റെ വിഭവങ്ങൾ ഉപയോഗിക്കാനും നിർബന്ധിക്കാനാണ് ഫെഡറൽ സർക്കാർ കോടതിയെ സമീപിച്ചതെന്ന് മംദാനി പ്രസ്താവനയിൽ പറഞ്ഞു. “നഗരം നമ്മളെല്ലാവരുടേതുമാണ്. മനുഷ്യത്വരഹിതവും വിദേശികളോടുള്ള വിദ്വേഷം വളർത്തുന്നതുമായ അജണ്ടയ്ക്കായി നമ്മുടെ അയൽക്കാരെ കൈവിടില്ല,” അദ്ദേഹം വ്യക്തമാക്കി.

കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങളോ പ്രാദേശിക ഭരണകൂടങ്ങളോ ഫെഡറൽ സർക്കാരുമായി സഹകരിക്കണമെന്ന് നിർബന്ധിക്കുന്ന വ്യവസ്ഥ ഫെഡറൽ നിയമത്തിലില്ലെന്ന് ജഡ്ജി റെയ്സ് ചൂണ്ടിക്കാട്ടി. ന്യൂയോർക്ക് നഗരത്തിന്റെ നയങ്ങൾ ഫെഡറൽ കുടിയേറ്റ നടപടികളെ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുന്നുവെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദവും കോടതി തള്ളി. പ്രാദേശിക ഭരണകൂടങ്ങളും ഫെഡറൽ കുടിയേറ്റ ഏജൻസികളും തമ്മിലുള്ള സഹകരണം പരിമിതപ്പെടുത്തുന്ന നയങ്ങൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ വിശാലമായ നീക്കത്തിന്റെ ഭാഗമായിരുന്നു കേസ്. ലോസ് ആഞ്ചലസ്, ഷിക്കാഗോ, മിനസോട്ട എന്നിവിടങ്ങളിലെ സമാന കേസുകളും ഫെഡറൽ കോടതികൾ നേരത്തേ തള്ളിയിരുന്നു.

ന്യൂയോർക്ക് നഗര പൊലീസും ഫെഡറൽ കുടിയേറ്റ അധികൃതരും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് കോടതി ഉത്തരവ്. ന്യൂയോർക്ക് നഗരത്തിന്റെ നയങ്ങൾക്കെതിരായ നിയമപോരാട്ടത്തിൽ പരാജയപ്പെട്ടെങ്കിലും പ്രാദേശിക പൊലീസിന് ഫെഡറൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാനുള്ള അധികാരം നൽകുന്ന പ്രത്യേക പദ്ധതി ട്രംപ് ഭരണകൂടം വിപുലീകരിച്ചുവരികയാണ്. 287(g) കരാറുകൾ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് ഫെഡറൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കാൻ അനുമതി ലഭിക്കും. ന്യൂയോർക്ക് നഗരത്തിന് ഇത്തരം കരാറില്ലെങ്കിലും ട്രംപിന്റെ രണ്ടാം ഭരണകാലത്ത് രാജ്യത്തുടനീളം പദ്ധതി വ്യാപിച്ചതായി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) ചൂണ്ടിക്കാട്ടുന്നു.

US judge dismisses Trump admin bid to overturn New York City sanctuary policies

More Stories from this section

family-dental
witywide