യൂട്ടാ: ചാർളി കിർക്ക് വധക്കേസിൽ പ്രതിയായ ടൈലർ റോബിൻസണിനെതിരായ നിർണായക പ്രാഥമിക ഹിയറിംഗിന്റെ ചില ഭാഗങ്ങളിൽ നിന്ന് മാധ്യമങ്ങളെയും പൊതുജനങ്ങളെയും വിലക്കണമോ എന്ന കാര്യത്തിൽ അമേരിക്കയിലെ യൂട്ടാ കോടതി ഇന്ന് (തിങ്കൾ) തീരുമാനം എടുക്കും. പ്രതിഭാഗം അഭിഭാഷകർ ജഡ്ജി ടോണി ഗ്രാഫിനോട് ജൂലൈ 6 മുതൽ 10 വരെ നടക്കുന്ന പ്രാഥമിക ഹിയറിംഗിലേക്കുള്ള പൊതുപ്രവേശനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ വിചാരണ നടത്താൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ തെളിയിക്കേണ്ട ഘട്ടമാണിത്.
ഇതുവരെ മാധ്യമപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായിരുന്നതെങ്കിലും, കേസിലെ തെളിവുകൾ വിശദമായി അവതരിപ്പിക്കപ്പെടുന്ന ആദ്യ പ്രധാന ഹിയറിംഗ് കൂടിയായിരിക്കും ഇത്. ജൂലൈയിലെ ഹിയറിംഗിൽ പ്രോസിക്യൂഷൻ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന നിരവധി രേഖകളും തെളിവുകളും രഹസ്യമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണയ്ക്ക് മുമ്പുതന്നെ അവ പുറത്തുവന്നാൽ ഭാവിയിലെ ജൂറി അംഗങ്ങളുടെ മനോഭാവത്തെ അത് സ്വാധീനിക്കുമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
പൊതുശ്രദ്ധ ഏറെ നേടിയ കേസായതിനാൽ മാധ്യമ റിപ്പോർട്ടുകൾ പലപ്പോഴും പ്രതിയായ ടൈലർ റോബിൻസണിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. 2024 സെപ്റ്റംബർ 10-ന് യൂട്ടാ വാലി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചാർലി കിർക്കിനെ കൊലപ്പെടുത്തിയ തെക്കുപടിഞ്ഞാറൻ യൂട്ടായിൽ നിന്നുള്ള 23-കാരനായ റോബിൻസണിനെതിരെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ, റോബിൻസൺ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ വധശിക്ഷ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
ഇതുവരെ അദ്ദേഹം കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പ്രാഥമിക ഹിയറിംഗ് പൊതുജനങ്ങൾക്ക് തുറന്നതായിരിക്കണമെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നുണ്ടെങ്കിലും, ഭാവിയിലെ വിചാരണയിൽ ഉപയോഗിക്കാവുന്ന ചില തെളിവുകൾ മാധ്യമങ്ങൾക്ക് കാണാനോ പകർത്താനോ അനുവദിക്കരുതെന്ന കാര്യത്തിൽ പ്രോസിക്യൂഷനും യോജിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനാ റിപ്പോർട്ടുകൾ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, സാക്ഷിമൊഴികളുടെ റെക്കോർഡുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടാതെ കുറ്റം സമ്മതിക്കുന്ന തരത്തിലുള്ളതായി പറയപ്പെടുന്ന റോബിൻസന്റെ സന്ദേശങ്ങൾ എന്നിവ ഹിയറിംഗിൽ പ്രോസിക്യൂഷൻ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.
ചാർളി കിർക്കിനെ കൊലപ്പെടുക്കാൻ ഉപയോഗിച്ച തോക്കിന്റെ ട്രിഗറിലും വെടിയുതിർത്ത കാർട്രിഡ്ജ് കവറിലും ഉപയോഗിക്കാത്ത രണ്ട് കാർട്രിഡ്ജുകളിലും തോക്ക് പൊതിയാൻ ഉപയോഗിച്ച തുണിയിലും റോബിൻസന്റെ ഡി.എൻ.എയുമായി പൊരുത്തപ്പെടുന്ന തെളിവുകൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ, “ചാർളി കിർക്കിനെ ഇല്ലാതാക്കാനുള്ള അവസരം എനിക്ക് ലഭിച്ചു; ഞാൻ അത് ഉപയോഗിക്കും” എന്ന ഉള്ളടക്കമുള്ള ഒരു കുറിപ്പ് തന്റെ പ്രണയ പങ്കാളിക്കായി റോബിൻസൺ എഴുതിവെച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
US judge to decide if key hearing for man accused of killing Charlie Kirk will be public












