
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കം ഉണ്ടായേക്കാമെന്ന ആശങ്കയെത്തുടർന്ന് അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇറാനിലേക്കും പശ്ചിമേഷ്യൻ മേഖലയിലേക്കുമുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തുവരുകയാണ്. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലുഫ്താൻസ, എയർ ഫ്രാൻസ്, കെ.എൽ.എം, യുണൈറ്റഡ് എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
തുർക്കി-ഇറാൻ വിമാന സർവ്വീസുകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇറാനു ചുറ്റുമുള്ള യുഎസ് സൈനിക സാന്നിധ്യം വർധിപ്പിച്ചതിനാൽ ടെഹ്‌റാനിലേക്കുള്ള വിമാനങ്ങൾ തുർക്കി വെള്ളിയാഴ്ച രാത്രി റദ്ദാക്കി. ടർക്കിഷ് എയർലൈൻസ് , ഇറാനിയൻ കാരിയറായ അറ്റാ എയർലൈൻസ്, ഖ്വേം എയർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
യുഎഇ ആസ്ഥാനമായുള്ള വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ള പല ഗൾഫ് കാരിയറുകളും തങ്ങളുടെ സർവീസുകൾ പുനഃക്രമീകരിക്കുകയും വിമാനങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
സംഘർഷം രൂക്ഷമാകുന്നതിനിടെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മാർച്ച് 1 മുതൽ ഇസ്രായേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ ഒരു ആഴ്ചത്തേക്ക് നിർത്തിവച്ചതായി ഇസ്രായേലി മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. കൂടാതെ, പശ്ചിമേഷ്യൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് മൂലം യാത്രാ സമയം വർദ്ധിക്കുന്നതിനും വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നതിനും ഇത് കാരണമാകുന്നു. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ യാത്രക്കാർ യാത്രയ്ക്ക് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ പരിശോധിച്ച് സർവീസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശമുണ്ട്.
പ്രാദേശിക സംഘർഷങ്ങളും ഇറാനെതിരെ യുഎസ് സൈനിക ഇടപെടലിൻ്റെ സാധ്യതയും കാരണം ഇസ്രായേലിലേക്കും ഇറാനിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇസ്രയേലിലെ യുഎസ് എംബസിയിലെ അവശ്യസേവന വിഭാഗത്തിലേത് ഒഴികെയുള്ള ജീവനക്കാർക്കും മടങ്ങാമെന്ന് അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു. ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച തന്നെ മടങ്ങണമെന്നായിരുന്നു നിർദേശം. ഇസ്രയേലിലേക്കു യാത്ര വിലക്കി ഫ്രാൻസും ഉത്തരവിട്ടു. ചൈനയും തങ്ങളുടെ പൗരന്മാർക്ക് ഇറാൻ വിടാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
US military action against Iran imminent? Concerns are rising, airline services are disrupted,















