യുഎസ് പിന്മാറണം, ഉപരോധം നീക്കണം; കടുത്ത നിബന്ധനകളുമായി മോജ്‌തബ ഖമേനിയുടെ ഉപദേശകൻ, യുദ്ധം നീളാൻ കാരണം നെതന്യാഹുവിൻ്റെ കടുംപിടുത്തം

ടെഹ്റാൻ: ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ പരിഹാരം ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്‌തബ ഖമേനിയുടെ മുതിർന്ന സൈനിക ഉപദേശകൻ മൊഹ്‌സെൻ റെസായി. തിങ്കളാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നും, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇനി ഇടപെടില്ലെന്ന് നിയമപരമായ രാജ്യാന്തര ഉറപ്പുകൾ ലഭിക്കണമെന്നുമാണ് ഇറാൻ്റെ പ്രധാന ആവശ്യങ്ങൾ. ഇവ നടപ്പിലാകാതെ പിന്നോട്ടില്ലെന്ന് റെസായി വ്യക്തമാക്കി.

പുതിയ പരമോന്നത നേതാവിൻ്റെ കീഴിൽ ഇറാൻ്റെ സായുധ സേന കൂടുതൽ കരുത്തോടെയാണ് മുന്നോട്ട് പോകുന്നത്. യുദ്ധം യഥാർത്ഥത്തിൽ ഒരാഴ്ച മുൻപ് തന്നെ അവസാനിക്കേണ്ടതായിരുന്നുവെന്നും സമാധാന ചർച്ചകൾക്ക് അമേരിക്ക സന്നദ്ധമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കടുംപിടുത്തമാണ് യുദ്ധം നീളാൻ കാരണമെന്നും റെസായി ആരോപിച്ചു. യുദ്ധത്തിന്റെ 15-ാം ദിവസം പിന്നിട്ടപ്പോൾ തന്നെ വിജയസാധ്യതയില്ലെന്ന് അമേരിക്കയ്ക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമികൾക്ക് കനത്ത ശിക്ഷ നൽകണമെന്നതാണ് ഇറാൻ ജനതയുടെ ആവശ്യമെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി. ഇറാന്റെ പുതിയ നേതൃത്വത്തിന് കീഴിൽ സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് ഈ പ്രസ്താവനകൾ നൽകുന്നത്.

US must withdraw, sanctions must be lifted; Mojtaba Khamenei’s advisor with tough conditions

More Stories from this section

family-dental
witywide