വാഷിങ്ടൺ: വെനസ്വേലൻ എണ്ണവിൽപ്പനയിലൂടെ ലഭിച്ച് യുഎസ് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന ഫണ്ട് സംരക്ഷിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. നിക്കോളാസ് മദൂറോ അധികാരത്തിൽ നിന്ന് നീങ്ങിയതിനെത്തുടർന്നാണ് നടപടി. വെനസ്വേലയുടെ വലിയ എണ്ണശേഷി ഉപയോഗപ്പെടുത്തുക എന്നത് യുഎസിന്റെ പ്രധാന വിദേശനയലക്ഷ്യമാണെന്ന് വ്യക്തമാക്കിയിരുന്ന ട്രംപിൻ്റെ ഈ ഉത്തരവ് “അമേരിക്കൻ വിദേശ നയലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ” വേണ്ടിയാണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.
വെള്ളിയാഴ്ച വാഷിങ്ടണിൽ എണ്ണകമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് വെനസ്വേലയിലെ നിക്ഷേപത്തിന് ആഹ്വാനം ചെയ്തു. എന്നാൽ എക്‌സൺമൊബിൽ മേധാവി വെനസ്വേല “നിക്ഷേപയോഗ്യമല്ല” എന്ന് പ്രതികരിച്ചു. എക്‌സൺമൊബിലും കോൺകോഫിലിപ്‌സും 2007ൽ വെനിസ്വേലയിൽ നിന്ന് പിന്മാറിയിരുന്നു. ചെവ്രോൺ മാത്രമാണ് ഇപ്പോൾ അവിടെ പ്രവർത്തിക്കാൻ ലൈസൻസ് ഉള്ള യുഎസ് കമ്പനി.
യുഎസ് ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന വെനിസ്വേലൻ എണ്ണയുടെ ഫണ്ട് കോടതിവഴിയുള്ള പിടിച്ചെടുക്കലിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ട്രംപിൻ്റെ ഈ ഉത്തരവ്. യുഎസ് ദേശീയ സുരക്ഷക്കും വിദേശനയത്തിനും ആവശ്യമാണ് ഈ ഉത്തരവ് എന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. വർഷങ്ങളായുള്ള ഉപരോധങ്ങളും നിക്ഷേപക്കുറവും കാരണം ഉത്പാദനം കുറഞ്ഞുവെങ്കിലും ലോകത്തിലെ എണ്ണശേഷിയുടെ വലിയൊരു വിഹിതം വെനിസ്വേലയ്ക്കാണ്. ആഭ്യന്തര ഇന്ധനവിലക്കുറവിനുള്ള ശ്രമങ്ങളുടെ ഭാഗമായും വെനിസ്വേലൻ എണ്ണശേഷിയെ ട്രംപ് പ്രധാന അവസരമായി കാണുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
US President Donald Trump has signed an executive order protecting US-held funds generated from sale of Venezuelan oil













