ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട നിലപാടുകൾക്കിടയിൽ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയ്ക്ക് കത്തയച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നോബൽ സമാധാന പുരസ്‌കാരം നൽകാതിരുന്ന നോർവേൻ നോബൽ കമ്മിറ്റിയുടെ തീരുമാനത്തെ പരാമർശിച്ചാണ് ട്രംപ് കത്തിൽ പ്രതികരിച്ചത്. ഇനി “ശുദ്ധമായി സമാധാനം മാത്രം” ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്നുമാണ് ട്രംപ് വ്യക്തമാക്കുന്നത്.
ബ്ലൂംബർഗ് കൈപ്പറ്റിയ കത്തിൽ, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് ശേഷവും നോബൽ സമാധാന പുരസ്‌കാരം നൽകാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ഈ കത്ത് ട്രംപിന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായും പങ്കുവച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ തന്റെ നോബൽ സമാധാന പുരസ്‌കാര മെഡൽ ട്രംപിന് കൈമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ വിവാദം ശക്തമായത്. ഇതിന് പിന്നാലെ നോർവേൻ നോബൽ കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തി. നോബൽ പുരസ്‌കാരവും ജേതാവും വേർതിരിക്കാനാവില്ലന്നും മെഡൽ മറ്റൊരാളുടെ കൈവശം എത്തിയാലും, പുരസ്‌കാരം ലഭിച്ചത് ആരാണെന്നതിൽ മാറ്റമില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.
കത്തിൽ ട്രംപ് ഗ്രീൻലാൻഡിനെ കുറിച്ചും പരാമർശിക്കുന്നു. റഷ്യയുടേയും ചൈനയുടേയും ഭീഷണിയിൽ നിന്ന് ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ ഡെൻമാർക്കിന് കഴിയില്ലെന്നും, ആ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ഡെൻമാർക്കിന് എന്ത് അവകാശമാണുള്ളതെന്നും ട്രംപ് ചോദിക്കുന്നു. നാറ്റോയ്ക്ക് വേണ്ടി താൻ ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുണ്ടെന്നും, ഇനി നാറ്റോ അമേരിക്കയ്ക്കായി എന്തെങ്കിലും ചെയ്യേണ്ട സമയമാണിതെന്നും ട്രംപ് കുറിക്കുന്നു. ഗ്രീൻലാൻഡിന്റെ പൂർണ നിയന്ത്രണം ഇല്ലെങ്കിൽ ലോകം സുരക്ഷിതമാകില്ലെന്നും കത്തിൽ പറയുന്നു.
ഗ്രീൻലാൻഡിൽ റഷ്യൻ സുരക്ഷാഭീഷണി ചെറുക്കുന്നതിൽ ഡെൻമാർക്ക് പരാജയപ്പെട്ടുവെന്ന ആരോപണം ട്രംപ് വീണ്ടും ഉന്നയിച്ചു. ഗ്രീൻലാൻഡിന്റെ ഉടമസ്ഥാവകാശം നേടാതെ താൻ പിന്മാറില്ലെന്നും ട്രംപ് ആവർത്തിച്ചു. അതേസമയം, ഡെൻമാർക്കും ഗ്രീൻലാൻഡും ട്രംപിന്റെ നിലപാട് ശക്തമായി തള്ളി.
ദ്വീപ് വിൽപ്പനയ്ക്കല്ലെന്നും, ഗ്രീൻലാൻഡ് ജനങ്ങൾ അമേരിക്കയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇതിനിടെ, ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്കയെ അനുവദിക്കുന്നതുവരെ യൂറോപ്യൻ സഖ്യരാജ്യങ്ങൾക്കെതിരെ കൂടുതൽ തീരുവകൾ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
US President Donald Trump has written a letter to Norwegian Prime Minister Jonas Gahr Støre,













