ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിനുപകരം വെനിസ്വേലൻ എണ്ണ വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച അവകാശപ്പെട്ടു. വാഷിങ്ടൺ ഡി.സിയിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് എയർഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്യുന്നതിനിടെയാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. “ചൈനക്ക് എണ്ണയിൽ നല്ലൊരു കരാർ ചെയ്യാം. ഞങ്ങൾ ഇതിനകം ഒരു കരാർ ഉണ്ടാക്കി. ഇന്ത്യ വരുന്നു, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം വെനിസ്വേലൻ എണ്ണ വാങ്ങും. കരാറിന്റെ ആശയം ഇതിനകം തയ്യാറാണ്,” എന്നും ട്രംപ് പറഞ്ഞു.
വെനിസ്വേലയെ ഇപ്പോൾ താനാണ് നിയന്ത്രിക്കുന്നതെന്നും, തന്റെ നിർദേശങ്ങൾ പാലിക്കുന്നുവെങ്കിൽ പിടിയിലായ പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഉപരാഷ്ട്രപതി ഡെൽസി റോഡ്രിഗസിനെ ഇടക്കാല നേതാവായി അനുവദിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. പ്രത്യേകിച്ച് വെനിസ്വേലയിലെ വൻ എണ്ണ ശേഖരങ്ങളിൽ അമേരിക്കയ്ക്ക് പ്രവേശനം നൽകണമെന്നതാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വെനിസ്വേലയുടെ ആക്റ്റിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചാണ് ചർച്ച നടന്നത്. ജനുവരി 3ന് അമേരിക്ക കാരക്കാസിൽ സൈനികാക്രമണം നടത്തി, മയക്കുമരുന്ന്, ആയുധങ്ങൾ, നാർക്കോ-ഭീകരവാദം എന്നീ ആരോപണങ്ങൾ ചുമത്തി പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടിയതിന് ശേഷം വെനിസ്വേലയുടെ ഭാഗത്ത് നിന്ന് ഇന്ത്യയുമായി നേതൃത്വതലത്തിൽ നടന്ന ആദ്യ ബന്ധമായിരുന്നു ഇത്.
“വെനിസ്വേലയിലെ ആക്റ്റിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സംസാരിച്ചു. ഇന്ത്യ-വെനിസ്വേല ബന്ധം കൂടുതൽ ശക്തമാക്കാനും എല്ലാ മേഖലകളിലും വികസിപ്പിക്കാനും തീരുമാനിച്ചു,” ഫോൺ സംഭാഷണത്തിന് ശേഷം മോദി സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യസംരക്ഷണം, കൃഷി, ജനങ്ങളിലേക്കുള്ള ബന്ധം എന്നിവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഇന്ത്യ-വെനിസ്വേല പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാൻ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യയാണ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണ രാജ്യമെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ എണ്ണ വാങ്ങലിനെതിരെ ട്രംപ് പലതവണ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ ഇന്ത്യൻ ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ചുമത്തുകയും ചെയ്തു. ഈ നടപടി “ന്യായമില്ലാത്തത്” ആണെന്നാണ് കേന്രത്തിൻ്റെ പ്രതികരണം. അതേ സമയം, അമേരിക്കൻ ഉപരോധങ്ങൾ കാരണം ഇന്ത്യ നിലവിൽ ഇറാനിൽ നിന്ന് വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ ഉപരോധങ്ങൾക്ക് മുൻപ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇറാൻ.
US President Donald Trump says India will buy oil from Venezuela instead of Iran; deal ready










