ട്രംപ് ഭരണകൂടത്തിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങൾ അമേരിക്കയിൽ നിന്ന് പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നു. വലിയ തുക ചെലവഴിച്ച് ബിരുദം നേടിയിട്ടും ജോലി ലഭിക്കാതെ വലയുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ കഥയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. വിശാഖപട്ടണം ആസ്ഥാനമായ സംരംഭകനായ അദിത്യ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സംഭവം.
സാമ്പത്തിക ശേഷിയില്ലാത്തിട്ടും, തന്റെ അടുത്ത സുഹൃത്ത് രണ്ട് മക്കളെയും അമേരിക്കയിലേക്ക് മാസ്റ്റേഴ്‌സ് പഠനത്തിനായി അയച്ചതായാണ് അദിത്യ പറയുന്നത്. മക്കളുടെ പഠനം പൂർത്തിയാകുമ്പോഴേക്കും പിതാവിന്റെ വായ്പ ₹1.5 കോടി ആയി. പഠനം കഴിഞ്ഞാൽ H-1B വിസയിലൂടെ അമേരിക്കയിൽ ജോലി നേടാമെന്ന പ്രതീക്ഷയായിരുന്നു കുടുംബത്തിന്. എന്നാൽ ട്രംപ് ഭരണകൂടം H-1B വിസ ചട്ടങ്ങൾ കർശനമാക്കിയതോടെ, ഇരുവർക്കും ജോലി ലഭിച്ചില്ല.
ഇതോടെ, ഇന്ത്യയിൽ കഴിയുന്ന പിതാവ് മക്കൾക്ക് മാസംതോറും പണം അയച്ച് സഹായിക്കേണ്ട അവസ്ഥയിലായി. ആദ്യം മാസത്തിൽ ഓരോ ലക്ഷം രൂപ വീതമാണ് അയച്ചിരുന്നത്. പിന്നീട് ട്രംപിൻ്റെ നയങ്ങൾ കാരണം പാർട്ട്ടൈം ജോലിയും നിർത്തി. ഇതോടെ പിതാവിന് രണ്ട് ലക്ഷം രൂപ വീതം അയക്കേണ്ടിവന്നുവെന്നും അദിത്യ കുറിച്ചു. ഇതോടെ മൊത്തം വായ്പ 2 കോടി കടന്നു. മക്കളുടെ ചെലവുകൾ തുടരാൻ, പിതാവ് സ്വന്തം ഫ്ലാറ്റ് വിൽക്കാൻ പോലും തയ്യാറായതായി അദിത്യ പറയുന്നു.
ഇന്ത്യയിലെ ബിസിനസും നഷ്ടത്തിലായിരുന്നുവെന്നും വൻ കടബാധ്യതയാണ് കുടുംബത്തെ പിടിച്ചുകെട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഭാഗ്യവശാൽ, ഒടുവിൽ മൂത്ത മകൻ H-1B ലോട്ടറിയിൽ തിരഞ്ഞെടുക്കപ്പെടുകയും, അമേരിക്കയിൽ ഫുൾടൈം ജോലി ലഭിക്കുകയും ചെയ്തു. ശമ്പളം കുറവാണെങ്കിലും, ഇനി പിതാവിന്റെ സാമ്പത്തിക സഹായമില്ലാതെ ജീവിക്കാൻ കഴിയുന്ന നിലയിലാണെന്ന് അദിത്യ പറഞ്ഞു.
ഇത് “വളരെ ദാരുണമായ സാഹചര്യം” ആണെന്ന് വിശേഷിപ്പിച്ച അദിത്യ, സമാന അവസ്ഥയിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ ഉണ്ടെന്നും ഓരോ വർഷവും ഈ എണ്ണം വർധിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക അടിത്തറയില്ലാതെ മക്കളെ അമേരിക്കയിലേക്ക് അയക്കുന്നതിനെക്കുറിച്ച് രക്ഷിതാക്കൾ വീണ്ടും ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ കുറ്റപ്പെടുത്തലിന് പകരം സഹാനുഭൂതിയാണ് വേണ്ടതെന്നും അദിത്യ പറഞ്ഞു. ജോലി അവസരങ്ങൾ കുറവായ അമേരിക്കൻ വിപണിയും, ഇന്ത്യയിലെ വൻ വായ്പയും തമ്മിൽ കുടുങ്ങുന്ന യുവാക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദം നമ്മൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
US President Donald Trump’s crackdown on immigration has impacted thousands of Indians who are now struggling to find jobs in the United States after investing huge amounts of money in a degree.














