
അമേരിക്കൻ നാവികസേനയുടെ അഭിമാനമായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ വിമാനവാഹിനിക്കപ്പൽ ആക്രമിച്ചെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. നാല് ബാലസ്റ്റിക് മിസൈലുകൾ കപ്പലിൽ നേരിട്ട് പതിച്ചുവെന്നായിരുന്നു ഇറാന്റെ വാദം. എന്നാൽ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും എബ്രഹാം ലിങ്കൺ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വിശദീകരിച്ചു.
ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തങ്ങളുടെ ഏഴാം നമ്പർ പ്രസ്താവനയിലൂടെയാണ് അമേരിക്കൻ പടക്കപ്പൽ തകർത്തെന്ന വിവരം ലോകത്തെ അറിയിച്ചത്. അമേരിക്കൻ-സയണിസ്റ്റ് സഖ്യത്തിനുള്ള കനത്ത താക്കീതാണിതെന്നും പശ്ചിമേഷ്യയിലെ ശത്രുതാവളങ്ങൾ ഇനിയും ലക്ഷ്യമിടുമെന്നും ഇറാൻ ആവർത്തിച്ചു. എന്നാൽ സൈനികരുടെ മരണം സ്ഥിരീകരിച്ചെങ്കിലും കപ്പൽ തകർന്നെന്ന് സമ്മതിക്കാത്ത അമേരിക്കൻ നിലപാട് ഇറാന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
അതേസമയം ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇറാന്റെ തിരിച്ചടിയിൽ സൈനികർ മരിച്ച വിവരം പെന്റഗൺ സമ്മതിക്കുന്നത്. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’-ന്റെ ഭാഗമായി നടന്ന ഈ നീക്കങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
US Refutes Claims of Iran Attack on USS Abraham Lincoln and Confirms 3 Soldiers Killed in Iranian Strikes














