ആകാശസീമകളിൽ പൊലിഞ്ഞ ആറ് സ്വപ്നങ്ങൾ: ഇറാഖിലെ വിമാനാപകടത്തിൽ വിടവാങ്ങിയ രാജ്യത്തിൻ്റെ വീരപുത്രന്മാരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് യുഎസ്

ബാഗ്ദാദ്: ആകാശത്ത് വെച്ച് വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്ന അതീവ സങ്കീർണ്ണമായ ദൗത്യത്തിനിടയിലാണ് ആ ദുരന്തം സംഭവിച്ചത്. ശത്രുക്കളുടെ വെടിയുണ്ടകളല്ല, മറിച്ച് സാങ്കേതികമായ ഒരു പിഴവ് ആറ് യുഎസ് സൈനികരുടെ ജീവനെടുത്തുവെന്നാണ് യുഎസിൻ്റെ വിശദീകരണം. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി പടിഞ്ഞാറൻ ഇറാഖിലെ ആകാശത്ത് വിറങ്ങലിച്ചു നിന്ന ആ നിമിഷം, ആറ് കുടുംബങ്ങളുടെ തണലാണ് ഇല്ലാതായത്.

അലബാമയിലെ ഓബേണിൽ നിന്നുള്ള 33 വയസ്സുള്ള മേജർ ജോൺ എ. ക്ലിന്നർ; വാഷിംഗ്ടണിലെ കോവിംഗ്ടണിൽ നിന്നുള്ള 31 വയസ്സുള്ള ക്യാപ്റ്റൻ അരിയാന ജി. സാവിനോ; കെന്റക്കിയിലെ ബാർഡ്‌സ്‌ടൗണിൽ നിന്നുള്ള 34 വയസ്സുള്ള ടെക്. സർജന്റ്. ആഷ്‌ലി ബി. പ്രൂട്ട്; ഇന്ത്യാനയിലെ മൂർസ്‌വില്ലയിൽ നിന്നുള്ള 38 വയസ്സുള്ള ക്യാപ്റ്റൻ സേത്ത് ആർ. കോവൽ; ഒഹായോയിലെ വിൽമിംഗ്ടണിൽ നിന്നുള്ള 30 വയസ്സുള്ള ക്യാപ്റ്റൻ കർട്ടിസ് ജെ. ആങ്സ്റ്റ്; ഒഹായോയിലെ കൊളംബസിൽ നിന്നുള്ള 28 വയസ്സുള്ള ടെക്. സർജൻ്റ് ടൈലർ എച്ച്. സിമ്മൺസ് എന്നിവരാണ് മരണപ്പെട്ടത്.

കൊല്ലപ്പെട്ട ആറുപേരും വെറും സൈനികർ മാത്രമായിരുന്നില്ല; മക്കളെ കാത്തിരിക്കുന്ന അച്ഛന്മാരും, ലോകം ചുറ്റാൻ മോഹിച്ച യുവാക്കളും, രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരുമായിരുന്നു.

മേജർ ജോൺ ‘അലക്സ്’ ക്ലിന്നർ

33 വയസ്സുകാരനായ മേജർ ജോൺ എ. ക്ലിന്നർ അപകടത്തിന് വെറും ഒരാഴ്ച മുമ്പാണ് ഇറാഖിലെ ദൗത്യത്തിനായി എത്തിയത്. മേജർ ജോൺ ‘അലക്സ്’ ക്ലിന്നർ വെറുമൊരു സൈനികൻ മാത്രമായിരുന്നില്ല; തന്റെ കുടുംബത്തിനും സമൂഹത്തിനും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. മരിക്കുമ്പോൾ ഭാര്യ ലിബ്ബി ക്ലിന്നറും, രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഏഴ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിൻ്റ് ലോകം. അദ്ദേഹത്തിന്റെ വിയോഗത്തെത്തുടർന്ന് കുടുംബത്തെ സഹായിക്കാനായി ഒരു ‘GoFundMe’ പേജ് ആരംഭിച്ചിട്ടുണ്ട്. “അദ്ദേഹം ഒരു മികച്ച ഭർത്താവും സ്നേഹനിധിയായ പിതാവുമായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടായിരുന്ന ഒരു സേവനതൽപ്പരനായിരുന്നു അദ്ദേഹം,” എന്ന് ഫണ്ട് ശേഖരണ പേജിൽ പറയുന്നു.

എട്ടു വർഷമായി എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചിരുന്ന ക്ലിന്നർ, അടുത്തിടെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി നിയോഗിക്കപ്പെട്ടിരുന്നു. എയർഫോഴ്സിലെ 99-ാമത് എയർ റീഫ്യൂയലിംഗ് സ്ക്വാഡ്രണിലെ ചീഫ് ഓഫ് സ്റ്റാൻഡേർഡൈസേഷൻ ആൻഡ് ഇവാലുവേഷൻ ആയിരുന്ന അദ്ദേഹം, മുപ്പതിലധികം വ്യോമസേനാംഗങ്ങളുടെ പരിശീലനത്തിനും മേൽനോട്ടം വഹിച്ചിരുന്നു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ഉൾപ്പെടെ നിരവധി തവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഓബർൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ക്ലിന്നർ, 2017-ലാണ് എയർഫോഴ്സ് ആർ.ഒ.ടി.സി (ROTC) പ്രോഗ്രാമിലൂടെ സൈന്യത്തിൽ ചേർന്നത്. അദ്ദേഹത്തിന്റെ മരണത്തിൽ സർവ്വകലാശാല ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സേവനമനോഭാവവും എന്നും സ്മരിക്കപ്പെടുമെന്ന് സർവ്വകലാശാല പ്രസ്താവനയിൽ പറഞ്ഞു.

ക്യാപ്റ്റൻ അരിയാന ജി. സവിനോ

31 വയസ്സുകാരിയായ ക്യാപ്റ്റൻ അരിയാന ജി. സവിനോ തന്റെ കരിയറിൻ്റെ ഉന്നതിയിലായിരുന്നു. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഫ്ലൈയിംഗ് പ്രോഗ്രാമുകളുടെ ചുമതല വഹിച്ചിരുന്ന അരിയാന, വാഷിംഗ്ടണിലെ തന്റെ നാട്ടുകാർക്ക് വലിയൊരു പ്രചോദനമായിരുന്നു. സേവനത്തോടുള്ള അവരുടെ അർപ്പണബോധം ഒപ്പമുള്ളവർക്ക് എന്നും മാതൃകയായിരുന്നു.

അരിയാന ഒരു “മഹത്തായ മനുഷ്യസ്നേഹിയും, ഭാവിയിലെ മികച്ചൊരു നേതൃനിര വ്യക്തിത്വവും, ലാറ്റിന യുവാക്കൾക്ക് ഒരു വഴികാട്ടിയും, വ്യോമസേനയിലെ മിന്നും താരവുമായിരുന്നു” എന്ന് സുഹൃത്ത് ഏണസ്റ്റോ നിസ്പെറോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലി ചെയ്യുന്നതിനിടയിലാണ് അവൾ വിടവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സാവിനോ തന്റെ കീഴിൽ പരിശീലനം നേടിയ വ്യക്തിയും “പോസിറ്റീവ് എനർജിയുടെ ഉറവിടവും” ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. “ചെന്നെത്തുന്ന ഇടങ്ങളിലൊക്കെ വെളിച്ചം പരത്തുന്ന വ്യക്തിത്വമായിരുന്നു അവളുടേത്. പകരുന്നതും ഏവരെയും ആകർഷിക്കുന്നതുമായിരുന്നു ആ പുഞ്ചിരി. ഊർജ്ജസ്വലതയും നിശ്ചയദാർഢ്യവും ഒപ്പം കൂടെയുള്ളവരെ മികച്ചവരാക്കി മാറ്റാനുള്ള അടങ്ങാത്ത ആഗ്രഹവും അവൾക്കുണ്ടായിരുന്നു,” നിസ്പെറോസ് കൂട്ടിച്ചേർത്തു.

99-ാം എയർ റീഫ്യൂലിംഗ് സ്ക്വാഡ്രണിലെ ചീഫ് ഓഫ് കറന്റ് ഓപ്പറേഷൻസ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു സാവിനോ. വ്യോമസേനയുടെ കണക്കുകൾ പ്രകാരം, യൂണിറ്റിന്റെ ദൈനംദിന ഫ്ലൈറ്റ് ഷെഡ്യൂളുകളുടെ മേൽനോട്ടവും പരിശീലനങ്ങളുടെയും ദൗത്യങ്ങളുടെയും ഏകോപനവും നിർവഹിച്ചിരുന്നത് അവളായിരുന്നു. 2017-ൽ സെൻട്രൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ എയർഫോഴ്സ് ആർ.ഒ.ടി.സി (ROTC) പ്രോഗ്രാമിലൂടെയാണ് സാവിനോ സേനയുടെ ഭാഗമായത്. തുടക്കത്തിൽ കോംബാറ്റ് സിസ്റ്റംസ് ഓഫീസറായി സേവനമനുഷ്ഠിച്ച അവർ, 2025-ൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കി കെ.സി-135 പൈലറ്റായി മാറി. ഔദ്യോഗിക ജീവിതത്തിനിടയിൽ മിഡിൽ ഈസ്റ്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാവിനോയുടെ വേർപാടിൽ താൻ അങ്ങേയറ്റം ദുഃഖിക്കുന്നുവെന്നും, രാജ്യത്തിന് വേണ്ടി അവൾ കാട്ടിയ ധീരതയ്ക്കും ത്യാഗത്തിനും നന്ദി പറയുന്നുവെന്നും വാഷിംഗ്ടൺ സെനറ്റർ പാറ്റി മുറെ പറഞ്ഞു.

സാവിനോയെപ്പോലെയുള്ള സ്ത്രീകൾ “നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനമാണ്” എന്ന് പറഞ്ഞ അവർ, വാക്കുകൾ കൊണ്ട് മാത്രമല്ല, അവർ വിട്ടുപോയ കുടുംബങ്ങളെ പിന്തുണച്ചുകൊണ്ട് വേണം രാജ്യം അവരെ ആദരിക്കാനെന്നും കൂട്ടിച്ചേർത്തു.

ടെക് സർജന്റ് ടൈലർ എച്ച്. സിമ്മൺസ്

28 വയസ്സുകാരനായ ടൈലർ എച്ച്. സിമ്മൺസ് ഒഹായോ സ്വദേശിയാണ്. വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന ‘ബൂം ഓപ്പറേറ്റർ’ എന്ന വെല്ലുവിളി നിറഞ്ഞ ജോലിയിലായിരുന്നു അദ്ദേഹം. സൈനിക സേവനത്തിന് ശേഷം ഒരു സിവിൽ പൈലറ്റായി ലോകം മുഴുവൻ പറക്കണമെന്നതായിരുന്നു ടൈലറുടെ വലിയ സ്വപ്നം. എന്നാൽ ആ സ്വപ്നം പൂർത്തിയാക്കാൻ വിധി അനുവദിച്ചില്ല.

2015-ൽ ഈസ്റ്റ്‌മൂർ അക്കാദമി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ സിമ്മൺസ്, മിലിട്ടറി ബൂം ഓപ്പറേറ്ററാകുന്നതിന് മുമ്പ് സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്തിരുന്നു.
യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ തങ്ങളുടെ ഏക മകൻ മരിച്ച വിവരം അറിയിക്കാൻ വീട്ടിലെത്തിയ കൃത്യമായ സമയം മാതാപിതാക്കൾ ഇന്നും ഓർക്കുന്നുവെന്ന് മാതാവ് ഷെറിൽ സിമ്മൺസ് കണ്ണീരോടെ പറയുന്നു. ടൈലർ അവരുടെ ഏക മകനായിരുന്നു. അവൻ സൈനിക സേവനത്തിന് പകരം മറ്റൊരു വഴി തിരഞ്ഞെടുക്കുമെന്ന് താൻ ഒരുകാലത്ത് ആഗ്രഹിച്ചിരുന്നതായി മാതാവ് പറഞ്ഞു. എങ്കിലും, വ്യോമയാനത്തോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശവും രാജ്യത്തെ സേവിക്കാനുള്ള താൽപ്പര്യവുമാണ് ഈ ജോലിയിലേക്ക് എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

ഇറാഖിലുണ്ടായ അപകടത്തിൽ അകാലത്തിൽ ജീവൻ നഷ്ടപ്പെട്ട സിമ്മൺസിന്റെ കുടുംബത്തിന് കൊളംബസ് മേയർ ആൻഡ്രൂ ഗിന്തർ അഗാധമായ അനുശോചനം രേഖപ്പെടുത്തി. “ധൈര്യത്തോടും അർപ്പണബോധത്തോടും കൂടി നമ്മുടെ രാജ്യത്തെ സേവിച്ച ഒരു യഥാർത്ഥ നായകനായി ഞങ്ങൾ അദ്ദേഹത്തിന്റെ സ്മരണയെ ആദരിക്കുന്നു,” ഗിന്തർ പറഞ്ഞു .

ടെക്നിക്കൽ സർജന്റ് ആഷ്‌ലി ബി. പ്രൂട്ട്

എയർഫോഴ്സ് നൽകുന്ന വിവരമനുസരിച്ച്, 99-ാമത് എയർ റീഫ്യൂയലിംഗ് സ്ക്വാഡ്രനിൽ ഇൻസ്ട്രക്ടർ ബൂം ഓപ്പറേറ്ററായും അസിസ്റ്റന്റ് ഫ്ലൈറ്റ് ചീഫ് ഓഫ് ഓപ്പറേഷൻസായും പ്രൂട്ട് സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ പരിശീലനത്തിന്റെയും സന്നദ്ധതയുടെയും മേൽനോട്ടം വഹിച്ച അവർ, ആകാശമധ്യേ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിലെ കൃത്യതയെക്കുറിച്ച് സഹപ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു.
കെന്റക്കി സ്വദേശിയായ അവർ 2017-ലാണ് എയർഫോഴ്സിൽ ചേർന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഉയർന്ന പദവികളിലെത്തിയ അവർ, മിഡിൽ ഈസ്റ്റിലെ വിവിധ സൈനിക നീക്കങ്ങളിൽ പങ്കാളിയാവുകയും സ്ക്വാഡ്രനിൽ നേതൃപരമായ ഉത്തരവാദിത്തങ്ങൾ വഹിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് അവർക്ക് ടെക്നിക്കൽ സർജന്റായി സ്ഥാനക്കയറ്റം ലഭിച്ചത്.

“ഇറാഖിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആറ് അമേരിക്കൻ സേവനാംഗങ്ങളുടെ കുടുംബങ്ങൾക്കൊപ്പം എന്റെ പ്രാർത്ഥനകളുണ്ട്. അതിൽ കെന്റക്കിയിലെ ബാർഡ്‌സ്‌ടൗണിൽ നിന്നുള്ള ടെക്നിക്കൽ സർജന്റ് ആഷ്‌ലി പ്രൂട്ടും ഉൾപ്പെടുന്നു,” കെന്റക്കി ഗവർണർ ആൻഡി ബഷിയർ എക്സിൽ കുറിച്ചു. “നമ്മുടെ രാജ്യത്തിന് വേണ്ടി എല്ലാം ത്യാഗം ചെയ്ത വീരന്മാരാണവർ. അമേരിക്കക്കാർ എന്ന നിലയിൽ നമ്മൾ അവരെ എപ്പോഴും ഓർമ്മിക്കണം.”

പ്രൂട്ട്, ക്ലിന്നർ, സാവിനോ എന്നിവർ മക്ഡിൽ എയർഫോഴ്സ് ബേസ് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവർ മൂവരും 99-ാമത് എയർ റീഫ്യൂയലിംഗ് സ്ക്വാഡ്രണിലെ അംഗങ്ങളായിരുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

സേത്ത് ആർ. കോവൽ

സേത്ത് ആർ. കോവൽ 19 വർഷത്തോളം വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു. ആദ്യം നാഷണൽ ഗാർഡിൽ ഒരു മെഷിനിസ്റ്റായാണ് അദ്ദേഹം ചേർന്നത്. ലോകമെമ്പാടുമുള്ള എയർ റീഫ്യൂയലിംഗ് (വിമാനങ്ങളിൽ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കൽ), ഏറോമെഡിക്കൽ, കാർഗോ, പാസഞ്ചർ ഓപ്പറേഷൻസ് എന്നിവയിൽ പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. 2011-ൽ ഇൻഡ്യാനയിലെ പർഡ്യൂ സർവകലാശാലയിൽ നിന്ന് ഏവിയേഷൻ ഓപ്പറേഷൻസിൽ ബിരുദം നേടിയ അദ്ദേഹം, 2017-ലാണ് ഒഹായോ എയർ നാഷണൽ ഗാർഡിലേക്ക് മാറിയത്.

അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് മെറിറ്റോറിയസ് സർവീസ് മെഡൽ, എയർ മെഡൽ, എയർ ആൻഡ് സ്പേസ് അച്ചീവ്‌മെന്റ് മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതൽ ഒരു പൈലറ്റാകാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു കോവൽ എന്ന് അദ്ദേഹത്തിന്റെ കുടുംബം ഓർമ്മിക്കുന്നു. “സ്നേഹനിധിയും, ഉദാരമനസ്കനും, ദയാലുവുമായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും പരിഹരിക്കാൻ കഴിവുള്ള, പ്രകൃതിയെ സ്നേഹിക്കുന്ന, സ്വാർത്ഥതയില്ലാത്ത വ്യക്തിയായിരുന്നു എന്റെ ഭർത്താവ്,” എന്ന് അദ്ദേഹത്തിന്റെ ഭാര്യ ഹെതർ നിക്കോൾ കുറിച്ചു. എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചിരുന്ന അദ്ദേഹം യൂണിഫോമിനോട് തികഞ്ഞ ആദരവ് പുലർത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു.

ക്യാപ്റ്റൻ കർട്ടിസ് ജെ. ആംഗ്സ്റ്റ്

ഒഹായോ നാഷണൽ ഗാർഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ആളാണ് ക്യാപ്റ്റൻ കർട്ടിസ് ജെ. ആംഗ്സ്റ്റ്. 2015 മെയിലാണ് അദ്ദേഹം ഒഹായോ നാഷണൽ ഗാർഡിൽ വെഹിക്കിൾ മെയിന്റനൻസ് ടെക്നീഷ്യനായി ചേർന്നത്.
2022-ൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം, 2024-ൽ പൈലറ്റ് എന്ന നിലയിലുള്ള പ്രാരംഭ യോഗ്യത നേടി. ലോകമെമ്പാടുമുള്ള എയർ റീഫ്യൂയലിംഗ് (വിമാനങ്ങളിൽ ആകാാശത്തുവെച്ച് ഇന്ധനം നിറയ്ക്കൽ), ഏറോമെഡിക്കൽ, കാർഗോ, പാസഞ്ചർ ഓപ്പറേഷൻസ് എന്നിവയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. 2015-ൽ ‘ഓപ്പറേഷൻ സ്പാർട്ടൻ ഷീൽഡ്’ എന്ന ദൗത്യത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
എയർ ആൻഡ് സ്പേസ് കമൻഡേഷൻ മെഡൽ, നാഷണൽ ഡിഫൻസ് സർവീസ് മെഡൽ, മെറിറ്റോറിയസ് യൂണിറ്റ് അവാർഡ് തുടങ്ങിയ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിമാനം തകർന്നത് വെടിവയ്പ്പിലല്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയെങ്കിലും, ആകാശത്ത് വിമാനങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

US releases details of country’s heroic sons who died in Iraq plane crash

More Stories from this section

family-dental
witywide