ഇന്ത്യ സന്ദർശനത്തിന് തുടക്കം കുറിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ; ചരിത്ര നഗരമായ കൊൽക്കത്തയിലെത്തി

കൊൽക്കത്ത: നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് കൊൽക്കത്തയിൽ എത്തി. രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യമേറിയ സന്ദർശനത്തിന്റെ ആദ്യഘട്ടമായാണ് കൊൽക്കത്ത സന്ദർശനം വിലയിരുത്തപ്പെടുന്നത്. 2012-ൽ മുൻ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിൻ്റണിൻ്റെ കൊൽക്കത്ത സന്ദർശനത്തിന് ശേഷം 14 വർഷങ്ങൾക്കിപ്പുറമാണ് ഒരു അമേരിക്കൻ വിദേശകാര്യ സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത് എന്ന് ഏറെ ശ്രദ്ധേയമാണ്. പശ്ചിമ ബംഗാളിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഈ സന്ദർശനം നടക്കുന്നത്.

“സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. പിന്നീട് ന്യൂഡൽഹിയിലെത്തി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞങ്ങൾ സന്ദർശിക്കും. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങൾ അടുത്ത ദിവസങ്ങളിൽ ചർച്ച ചെയ്യുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.” എന്ന് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ എക്സിൽ കുറിച്ചു.

അതേസമയം, റൂബിയോയുടെ കൊൽക്കത്ത സന്ദർശന പരിപാടി അമേരിക്കൻ വിദേശകാര്യ വകുപ്പ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കൊൽക്കത്തയിലെ വിശുദ്ധ മദർ തേരസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസ് സന്ദർശിക്കാനിടയുണ്ടെന്ന് അമേരിക്കൻ കോൺസുലേറ്റ് വൃത്തങ്ങൾ അറിയിച്ചു. മേയ് 23 മുതൽ 26 വരെ നടക്കുന്ന റൂബിയോയുടെ ഇന്ത്യ സന്ദർശനത്തിൽ ആഗ്ര, ജയ്പൂർ, ന്യൂഡൽഹി എന്നിവയും ഉൾപ്പെടുന്നു.

ഇന്ത്യയുമായി ഊർജ വിഷയങ്ങളിൽ ചർച്ചകളും ക്വാഡ് രാജ്യങ്ങളിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും നടക്കുന്നതിനാൽ ഈ സന്ദർശനത്തിന് നയതന്ത്രപരമായി വലിയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. “അവർ വാങ്ങാൻ തയാറുള്ളത്രയും ഊർജം ഞങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്നു. അമേരിക്കൻ ഉൽപ്പാദനവും കയറ്റുമതിയും ചരിത്രത്തിലെ ഉയർന്ന നിലയിലാണ്,” സ്വീഡനും ഇന്ത്യയും സന്ദർശിക്കാൻ പുറപ്പെടുന്നതിന് മുമ്പ് മയാമിയിൽ മാധ്യമപ്രവർത്തകരോട് റൂബിയോ പറഞ്ഞു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഉയർന്ന ഊർജവിലകൾ ഇന്ത്യയെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്ത്യയെ “മികച്ച പങ്കാളി” എന്നാണ് റൂബിയോ വിശേഷിപ്പിച്ചത്. ക്വാഡ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മേയ് 26-ന് നടക്കാനിരിക്കുന്ന ക്വാഡ് യോഗത്തിൽ റൂബിയോ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യമന്ത്രി മൊട്ടെഗി തോഷിമിത്സു എന്നിവർ പങ്കെടുക്കും. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യോഗത്തിന് അധ്യക്ഷത വഹിക്കും.

US Secretary of State Marco Rubio begins four-day visit to India; arrives in historic city of Kolkata

More Stories from this section

family-dental
witywide