
ടെഹ്‌റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ ഒരാളെ കണ്ടെത്താനുള്ള യുഎസ് സേനയുടെ ശ്രമത്തിനിടെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ കോഹ്‌ഗിലുയേ-ബോയർ അഹമ്മദ് പ്രവിശ്യയിലെ കൂ-ഇ സിയാ മേഖലയിലാണ് ആക്രമണമുണ്ടായത്.
തകർന്നുവീണ യുദ്ധവിമാനത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താൻ അമേരിക്കൻ സേന ശ്രമിക്കുന്നതിനിടെയാണ് അഞ്ച് പേർ കൊല്ലപ്പെട്ടതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥനായ ഇരാജ് കാസെമിജൂവിനെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. സംഭവത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഇറാനിൽ തകർന്നു വീണ യുഎസ് എഫ്-15ഇ യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ ക്രൂ അംഗത്തെയും അമേരിക്കൻ സൈന്യം അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന രണ്ട് വൈമാനികരും സുരക്ഷിതരായി തിരിച്ചെത്തിയതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി വൈകി നടന്ന അതീവ അപകടകരമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് വെപ്പൺ സിസ്റ്റംസ് ഓഫീസറെ (WSO) ഇറാനിയൻ മണ്ണിൽ നിന്ന് പുറത്തെത്തിച്ചത്.
US strikes Iran during mission to find crew of downed US fighter jet, five dead










