“വിശാഖപട്ടണത്തെ ഫ്ലീറ്റ് റിവ്യൂ കഴിഞ്ഞ് മടങ്ങിയ ഇറാനിയൻ കപ്പൽ അമേരിക്ക ‘മുക്കി’; ഇന്ത്യയുടെ ‘അതിഥിക്കെതിരെ’ പ്രകോപനമില്ലാത്ത ആക്രമണമെന്ന് ഇറാൻ, ദുഖിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ഡെന’ അമേരിക്കൻ അന്തർവാഹിനി ടോർപിഡോ ഉപയോഗിച്ച് തകർത്തതിൽ ശക്തമായ പ്രതികരണവുമായി ഇറാൻ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിൽ (IFR) പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അപകടസമയത്ത് 130 നാവികർ ഉണ്ടായിരുന്ന കപ്പലിലെ 87 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയ കപ്പലിനെ അന്താരാഷ്ട്ര ജലപരിധിയിൽ വെച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അമേരിക്ക തകർത്തതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ആരോപിച്ചു. അമേരിക്കയുടെ ഈ നടപടിയിൽ രാജ്യം “കയ്പോടെ ഖേദിക്കേണ്ടി വരും” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കൻ സൈന്യം ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു കപ്പലിനെ ടോർപിഡോ ഉപയോഗിച്ച് മുക്കുന്നത്. ഈ സംഭവം പശ്ചിമേഷ്യയിലും അന്താരാഷ്ട്ര തലത്തിലും വലിയ സംഘർഷത്തിന് വഴിതെളിച്ചിട്ടുണ്ട്. അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാൻ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

ഇറാൻ നാവികസേനയുടെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ യുദ്ധക്കപ്പലായിരുന്നു ഐറിസ് ഡെന. ഇറാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘മൗജ്’ ക്ലാസ് ഫ്രിഗേറ്റുകളിൽ നാലാമത്തേതാണ് ഐറിസ് ഡെന. 2021-ലാണ് ഇത് ഇറാൻ നാവികസേനയുടെ ഭാഗമായത്. കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ, ടോർപിഡോകൾ, ആധുനിക പീരങ്കികൾ എന്നിവ ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിൽ ഒരേസമയം ഒന്നിലേറെ ഹെലികോപ്റ്ററുകൾ ലാൻഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ സമുദ്രത്തിലെ ഇലക്ട്രോണിക് യുദ്ധമുറകൾക്കായി അത്യാധുനിക റഡാർ സംവിധാനങ്ങളും ഇതിലുണ്ട്. ഇറാൻ്റെ നാവിക കരുത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും പ്രതീകമായാണ് ഈ കപ്പൽ കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഇതിന് നേരെയുണ്ടായ ആക്രമണം ഇറാനെ സംബന്ധിച്ച് വലിയൊരു ആഘാതമാണ്.

“US ‘sunk’ Iranian ship returning from fleet review in Visakhapatnam; Iran says it was unprovoked attack on India’s ‘guest'”

More Stories from this section

family-dental
witywide