ഇറാൻ്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഉപരോധിക്കുമെന്ന് അമേരിക്ക; 15 ഇന്ത്യൻ കപ്പലുകളടക്കം നിരവധി കപ്പലുകൾ ഹോർമുസിൽ കുടുങ്ങി

ടെഹ്റാൻ: ഇറാൻ്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഉപരോധിക്കുമെന്ന അമേരിക്കൻ പ്രഖ്യാപനത്തിന് പിന്നാലെ 15 ഇന്ത്യൻ പതാകയുള്ള കപ്പലുകളടക്കം നിരവധി കപ്പലുകൾ ഹോർമുസിൽ കുടുങ്ങി. ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തായാണ് കുടുങ്ങിക്കിടക്കുന്നത്. മേഖലയിലുണ്ടായിരുന്ന 25 ഇന്ത്യൻ കപ്പലുകളിൽ 10 എണ്ണം ഇതിനകം സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ട്. കുടുങ്ങിയവയിൽ ഭൂരിഭാഗവും എൽഎൻജി, എൽപിജി കാരിയറുകൾ, ക്രൂഡ് ഓയിൽ ടാങ്കറുകൾ, കണ്ടെയ്‌നർ കപ്പലുകൾ, കെമിക്കൽ ടാങ്കറുകൾ തുടങ്ങിയവയാണ്.

20,400 ടൺ എൽപിജിയും 24 ക്രൂ അംഗങ്ങളുമായി മുംബൈയിലേക്ക് വരുന്ന ‘ജഗ് വിക്രം’ എന്ന ടാങ്കറിന് ഇന്ത്യൻ നാവികസേനയുടെ അകമ്പടിയിലാണ് എത്തുന്നത്. അതേസമയം, വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആറ് ഇന്ത്യൻ നാവിക കപ്പലുകൾ പേർഷ്യൻ ഗൾഫിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ആശയവിനിമയം, നിരീക്ഷണം, സുരക്ഷിതമായ പാസേജ് ഉപദേശങ്ങൾ എന്നിവയിൽ നാവികസേന കപ്പലുകളെ സഹായിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പ്രവർത്തന പ്രോട്ടോക്കോളുകളിൽ മാറ്റമില്ലാതെ നിരീക്ഷണം തുടരുകയാണ്.

തത്സമയ സമുദ്ര ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനായി ഇന്ത്യ 28 രാജ്യങ്ങളുമായി സഹകരിക്കുന്നുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് തിങ്കളാഴ്ച‌ മുതൽ അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും ഇറാനിയൻ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് നടപടികൾ ആരംഭിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. എന്നാൽ, ഉപരോധത്തെ പ്രതികാര നടപടികളിലൂടെ നേരിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് മുൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ മൊഹ്സെൻ റെസായി വ്യക്തമാക്കി. ഇറാനിയൻ ഇതര തുറമുഖങ്ങളിലേക്കുള്ള ഗതാഗതം ഔദ്യോഗികമായി നിരോധിച്ചിട്ടില്ലെങ്കിലും, യുഎസ് പ്രഖ്യാപനത്തിന് പിന്നാലെ കപ്പൽ നീക്കം കുത്തനെ കുറഞ്ഞു. ലോകത്തിലെ സമുദ്ര എണ്ണ വ്യാപാരത്തിൻ്റെ 25 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സം ആഗോള ഊർജ്ജ പ്രവാഹത്തെയും ഷിപ്പിംഗ് ഇൻഷുറൻസിനെയും ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

US threatens to blockade Iran’s ports and coastline; Several ships, including 15 Indian ships, are stuck in Hormuz

More Stories from this section

family-dental
witywide